മോഹന്‍ലാലിന്റെ സിനിമകള്‍ക്കെതിരെ ബോധപൂര്‍വം അറ്റാക്ക് നടത്തുന്നുണ്ട്; ഹരീഷ് പേരടി
Entertainment
മോഹന്‍ലാലിന്റെ സിനിമകള്‍ക്കെതിരെ ബോധപൂര്‍വം അറ്റാക്ക് നടത്തുന്നുണ്ട്; ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th February 2024, 3:44 pm

നാടകത്തിലൂടെ സിനിമയിലെത്തി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ സജീവമായ താരമാണ് ഹരീഷ് പേരടി. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധേയനായത്. മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബനില്‍ ഹരീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ പരാജയത്തിനെക്കുറിച്ചുള്ള അഭിപ്രായം മനോരമ ന്യൂസിലെ നേരെ ചൊവ്വേ പരിപാടിയില്‍ പങ്കുവെച്ചു. മലൈക്കോട്ടൈ വാലിബന് നേരെയുണ്ടായ സൈബര്‍ അറ്റാക്കിനെയും, ഹേറ്റ് ക്യാമ്പയിനിനെയും കുറിച്ചുള്ള അഭിപ്രായമെന്താണ് എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘കൃത്യമായ ഒരു ഡീഗ്രേഡിങ് നടന്നിട്ടുണ്ട്. പല കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. ഒരു കാരണത്തിലേക്ക് മാത്രം ഫോക്കസ് ചെയ്യാനാകില്ല. നമുക്കിടയില്‍ നിന്നും ലോകനിലവാരമുള്ള ഒരു പ്രൊഡക്ട് ഉയര്‍ന്നുവരുന്നു എന്നതാണ് മറ്റുള്ളവരുടെ ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ പിന്നെ അതിനെ തകര്‍ത്തിട്ടേ ബാക്കി കാര്യമുള്ളൂ എന്ന ചിന്തയിലാണ് സോ കോള്‍ഡ് റിവ്യൂവേഴ്‌സ് റിവ്യൂ എന്ന പേരില്‍ വേഷങ്ങളൊക്ക കെട്ടി, റിവ്യൂ ചെയ്യുന്നത്. അവര്‍ക്കതില്‍ നിന്ന് വരുമാനവും കിട്ടുന്നുണ്ട്. അതിനെയും ഒരു കാരണമായി കണക്കാക്കാം,’ ഹരീഷ് പറഞ്ഞു.

ലിജോയുടെ മുന്‍കാലസിനിമകള്‍ സ്വീകരിക്കപ്പെടുകയും ഈ സിനിമ ആക്രമിക്കപ്പെടുകയും ചെയ്തതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ എന്ന ചോദ്യത്തിനും ഹരീഷ് മറുപടി പറഞ്ഞു.

‘ഈ സിനിമയില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന് പകരം വേറെ ഏതെങ്കിലും നടനാണെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ല. പകരം നല്ല രീതിയില്‍ വാഴ്ത്തപ്പെടും. നിഗൂഢമായ ചില രാഷ്ട്രീയലക്ഷ്യം ഇതിന് പിന്നില്‍ ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതിനു മുമ്പ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമക്ക് ഇതുപോലൊരു അനുഭവമുണ്ടായി. രാത്രി പന്ത്രണ്ട് മണിക്ക് ഷോ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ അതിന്റെ റിവ്യൂ സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു.

ആ സിനിമയുടെ പ്രൊഡ്യൂസര്‍മാരിലൊരാളായ സന്തോഷ്.ടി. കുരുവിള അതിനെപ്പറ്റി ഒരു ഇന്റര്‍വ്യൂയില്‍ പറയുന്നുണ്ട്. ആരിത് ചെയ്തു എന്ന് എനിക്ക് പറയാന്‍ പറ്റില്ല. അത് നിയമപരമായി കണ്ടെത്തേണ്ടതാണ്. മോഹന്‍ലാലിനെതിരെ ഒരു ലോബി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നെനിക്ക് തോന്നാറുണ്ട്. ഇതിന് മുമ്പ് ഇറങ്ങിയ നേര് എന്ന സിനിമ വിജയിക്കാന്‍ കാരണം ഹേറ്റേഴ്‌സ് ആ സിനിമയെ വിട്ടുകളഞ്ഞതാണ്. അവര്‍ക്ക് ഈ സിനിമയില്‍ വലിയ വിശ്വാസമില്ലായിരുന്നിരിക്കാം. പക്ഷേ വാലിബനെ അവര്‍ ആദ്യം മുതലേ കാത്തിരിക്കുകയായിരുന്നു,’ ഹരീഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Hareesh Peradi says that Mohanlal films facing intentional cyber attack