| Saturday, 16th July 2022, 11:49 pm

സഹിക്കാവുന്നതിന്റെ അപ്പുറമെത്തി കാര്യങ്ങള്‍; ഈ ചെകുത്താന്റെ സ്വന്തം നാട്ടില്‍ നിന്ന് രക്ഷപ്പെട്ടാല്‍ അത്രയും നന്ന്: ഹരീഷ് പേരടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങളെന്നും ഈ നാട്ടില്‍ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാല്‍ അത്രയും നന്ന് എന്ന് തോന്നി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരായ പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്നും പേരടി വിമര്‍ശിച്ചു.

‘കുഞ്ഞില, കെ.കെ.രമ, ആനി രാജ. രണ്ട് നാള്‍ക്കുള്ളില്‍ കേരളത്തിലെ ഭരണകൂട ഫാസിസത്തില്‍, അധികാര അഹങ്കാരങ്ങളില്‍ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകള്‍. ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതര്‍. കോഴിക്കോട്ടെ കോളാമ്പിയില്‍ വെറും സവര്‍ണ തുപ്പലുകള്‍ മാത്രം മതിയെന്ന് മൂന്‍കൂട്ടി നിശ്ചയിച്ചവര്‍ വനിതാ ചലച്ചിത്ര മേളയില്‍ അസംഘടിതര്‍ക്ക് സ്ഥാനം കൊടുക്കാത്തതില്‍ അത്ഭുതമില്ല.

അടിമകള്‍ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ്.(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുന്‍പും ഞാന്‍ എഴുതിയിട്ടുണ്ട്..

ആനി രാജ, കെ.കെ. രമ

അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കിവലിച്ചു കടക്കുപുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്. ആണ്‍ പെണ്‍ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്‍പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്‌കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്.

ഉള്ളതെല്ലാം വിറ്റുപെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടില്‍ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാല്‍ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്.
സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങള്‍,’ ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.

അതേസമയം, അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ചതിനാണ് സംവിധായിക കുഞ്ഞില മാസിലാമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

തന്റെ സിനിമയായ അസംഘടിതര്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു കുഞ്ഞില.

അസംഘടിതര്‍ ചലച്ചിത്രമേളയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി എന്നാരോപിച്ചാണ് കുഞ്ഞില പ്രതിഷേധിച്ചത്. സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിച്ചുകൊണ്ടും എം.എല്‍.എ കെ.കെ രമയെ പിന്തുണച്ചുകൊണ്ടും കുഞ്ഞില മുദ്രാവാക്യം മുഴക്കിയിരുന്നു.

CONTENT HIGHLIGHTS:  Hareesh Peradi says  So much the better to escape from this devil’s native land

We use cookies to give you the best possible experience. Learn more