|

ഞാന്‍ എന്തൊക്കെ ചെയ്യണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്; ഇന്ത്യ എന്ന രാജ്യത്ത് സര്‍വ സ്വാതന്ത്ര്യത്തോടെയും ജീവിക്കുന്ന ആളാണ് ഞാന്‍: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് പേരടി. സിനിമയോടൊപ്പം തന്നെ നാടകം, സീരിയല്‍ എന്നിവയിലും സജീവമാണ് ഹരീഷ്. പത്തൊന്‍പതാം വയസില്‍ ആകാശവാണിയില്‍ നാടക ആര്‍ട്ടിസ്റ്റായിട്ടാണ് ഹരീഷ് പേരടി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. തെരുവു നാടകങ്ങളിലും ഹരീഷ് അഭിനയിച്ചിട്ടുണ്ട്. സിബി മലയിലിന്റെ ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേക്ക് കടന്നുവന്നത്.

ഹരീഷ് പേരടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ദാസേട്ടന്റെ സൈക്കിള്‍. ചിത്രത്തിന്റെ നിര്‍മാതാവും അദ്ദേഹം തന്നെയാണ്. നടന്‍മാര്‍ നിര്‍മാതാക്കളാകുന്നു, അത് ശരിയല്ല എന്ന് പറയുന്ന പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഹരീഷ് പേരടി.

താന്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് താന്‍ തന്നെയാണെന്നും ഇന്ത്യ എന്ന രാജ്യത്ത് സര്‍വ സ്വാതന്ത്ര്യത്തോടെയുമാണ് താന്‍ ജീവിക്കുന്നതെന്നും ഹരീഷ് പേരടി പറയുന്നു. ഏതൊക്കെ ഭരണകൂടം മാറിയെന്ന് പറഞ്ഞാലും ഭരണഘടനാ എന്ന് പറഞ്ഞൊരു സാധനമുണ്ടെന്നും അതുള്ളതുകൊണ്ടാണ് സാധാരക്കാരായ മനുഷ്യര്‍ ഇപ്പോഴും അവരുടേതായ സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്നും ഹരീഷ് പറഞ്ഞു.

ആ പ്രസ്താവനയെ താന്‍ തള്ളിക്കളയുന്നുവെന്നും ഇതുപോലുള്ള തടസങ്ങളെ നീക്കി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരീഷ് പേരടി.

‘ഞാന്‍ 1969ല്‍ ആണ് ജനിക്കുന്നത്. അന്ന് ജനിക്കുമ്പോള്‍ ഞാനൊരു ചെറിയ കുട്ടിയായിരുന്നു. എനിക്ക് കരയാന്‍ മാത്രമേ അറിയുകയുള്ളൂ. പിന്നെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ഭാഷ പഠിച്ചു, കവിത പഠിച്ചു, നാടകം പഠിച്ചു. അങ്ങനെ നാടകങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഞാനായിട്ട് ജനിച്ച ഒരാളാണ്.

ഞാന്‍ എന്തൊക്കെ ചെയ്യണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്

ഞാന്‍ എന്തൊക്കെ ചെയ്യണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. അഭിനയിക്കാണോ, സിനിമ നിര്‍മിക്കണോ, സംവിധാനം ചെയ്യാണോ, എന്നെല്ലാം ഞാന്‍ തന്നെയാണ് തീരുമാനിക്കുന്നത്. കാരണം ഞാന്‍ ഇന്ത്യ എന്ന രാജ്യത്ത് ജനിച്ചൊരാളാണ്. സര്‍വ സ്വാതന്ത്ര്യത്തോടെയും ജീവിക്കുന്ന ആളാണ്.

ഏതൊക്കെ ഭരണകൂടം മാറിയെന്ന് പറഞ്ഞാലും ഭരണഘടനാ എന്ന് പറഞ്ഞൊരു സാധനമുണ്ട്. അതില്‍ വിശ്വസിച്ചിട്ടാണ് സാധാരക്കാരായ മനുഷ്യര്‍ ഇപ്പോഴും അവരുടേതായ സ്വാതന്ത്ര്യം പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. എന്നാലും ചിലപ്പോള്‍ ഇതുപോലെയുള്ള തടസങ്ങളെല്ലാം വരും. അപ്പോഴെല്ലാം നമ്മള്‍ ഇതുപോലെത്തന്നെ മുന്നോട്ട് പോകുകയും ചെയ്യും. ആ പ്രസ്താവനയെ അങ്ങനെയേ തള്ളുന്നു,’ ഹരീഷ് പേരടി പറയുന്നു.

Content highlight: Hareesh Peradi says he do what ever he wants to do

v

Video Stories