| Friday, 14th January 2022, 10:29 pm

ക്രൂശിക്കപ്പെട്ട യേശു നിങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രം...അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കില്‍ മാത്രം; ടൊവിനോയോടും പൃഥ്വിരാജിനോടും ഹരീഷ് പേരടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസില്‍ ഇരയായ കന്യാസ്ത്രീയോടൊപ്പം നിന്ന കന്യാസ്ത്രീകളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് മലയാളത്തിലെ യുവതാരങ്ങളോട് ആവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി.

സമരം ചെയ്ത കന്യാസ്ത്രീകളുടെ ഫോട്ടോ പങ്കുവെച്ച് പൃഥിരാജിനോടും ടൊവിനോ തോമസിനോടും ദുല്‍ഖര്‍ സല്‍മാനോടും നിവിന്‍ പോളിയോടും ആസിഫ് അലിയോടും അങ്ങിനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു എന്ന് ഹരീഷ് കുറിച്ചു.

‘ക്രൂശിക്കപ്പെട്ട യേശു നിങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രം…അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കില്‍ മാത്രം…നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയ്‌ലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം…അവര്‍ കാത്തിരിക്കുകയാണ്…നിങ്ങളുടെ എല്ലാവരുടെയും സിനിമകള്‍ വലിയ വിജയമാവട്ടെ…ആശംസകള്‍,’ ഹരീഷ് കുറിച്ചു.

ഇന്നായിരുന്നു പ്രതിയായ ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള കോട്ടയം അഡീഷണന്‍ സെഷന്‍ കോടതിയുടെ വിധി വന്നത്.
2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ത്ത് ശേഷമാണ് കോടതി വിധി പറഞ്ഞത്.

ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയിലാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്.

സമാനതകളില്ലാത്ത നിയമ പോരാട്ടമായിരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ വരെ ഇറങ്ങേണ്ടി വന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലായിരുന്നു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പല തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. 2019 ഏപ്രില്‍ നാലിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2020 സെപ്റ്റംബറിലാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്. കേസിലെ 84 സാക്ഷികളില്‍ 39 പേരെ കോടതി വിസ്തരിച്ചു.

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സാക്ഷിപ്പട്ടിക.

പ്രോസിക്യൂഷന്‍ 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം 6 സാക്ഷികളെ വിസ്തരിച്ചു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഈ മാസം പത്തിനാണ് വിചാരണ പൂര്‍ത്തിയായത്.

2018 ജൂണ്‍ 29നാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കേസെടുക്കുന്നത്. വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ കേസെടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല.

ഇത് ചോദ്യം ചെയ്ത് പരാതിക്കാരുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ സമരം ആരംഭിക്കുകയും ഒടുവില്‍ സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

25 ദിവസത്തിനുശേഷം ഒക്ടോബര്‍ 15നാണ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിക്കുന്നത്. പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ആ ആവശ്യം തള്ളുകയായിരുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്

പൃഥിരാജിനോടും ടൊവിനോ തോമസിനോടും ദുല്‍ഖര്‍ സല്‍മാനോടും നിവിന്‍ പോളിയോടും ആസിഫ് അലിയോടും അങ്ങിനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയര്‍ ചെയ്യാന്‍ ആവിശ്യപ്പെടുന്നു…ഇരയോടൊപ്പം നിന്നവരാണ് ഇവര്‍ …പാവങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നില്‍ക്കുകയാണ്

ക്രൂശിക്കപ്പെട്ട യേശു നിങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രം…അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കില്‍ മാത്രം…നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം…അവര്‍ കാത്തിരിക്കുകയാണ്…നിങ്ങളുടെ എല്ലാവരുടെയും സിനിമകള്‍ വലിയ വിജയമാവട്ടെ…ആശംസകള്‍..

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: hareesh peradi request to young stars of malayalam to share the photo of nuns of franco case

We use cookies to give you the best possible experience. Learn more