വിജയ് നല്ല പദ സമ്പത്തുള്ള വ്യക്തിയാണെന്ന് നടൻ ഹരീഷ് പേരടി. അദ്ദേഹം അധികം സംസാരിച്ചില്ലെങ്കിലും പറയുന്നതൊക്കെ വളരെ പ്രസക്തമായിട്ടുള്ള കാര്യങ്ങളാണെന്നും അത് അദ്ദേഹത്തിന്റെ ഏറ്റവും നല്ല ഗുണമായിട്ടാണ് താൻ കാണുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു. പോപ്പർസ്റ്റോപ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
വിജയ്‌യുടെ നിലപാടുകളെപ്പറ്റിയുള്ള ഹരീഷിന്റെ യോജിപ്പിനെപ്പറ്റിയും സ്വന്തം നിലപാടുകളെപ്പറ്റിയുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഞാൻ എന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ആളാണ്. നമ്മൾ ഇടക്കൊക്കെ കണ്ണാടിയിൽ നോക്കണം. കണ്ണാടിയിൽ നോക്കുമ്പോൾ ഒരു രസം കിട്ടണമെങ്കിൽ നിലപാടുകളിൽ ഉറച്ചുനിൽക്കുകതന്നെ വേണം. അല്ലെങ്കിൽ മറ്റുള്ളവർ നമ്മളെപ്പറ്റി പറയുന്നത് കേട്ട് തൃപ്തിപ്പെടേണ്ടിവരും. അതല്ല വേണ്ടത്, അവനവന് ഒരു തൃപ്തി വരണമെങ്കിൽ സത്യങ്ങൾ പറയണം.
വിജയ് അധികം സംസാരിക്കുന്ന ഒരു വ്യക്തിയല്ല, സംസാരിക്കുന്ന കാര്യങ്ങൾ വളരെ ചുരുക്കമാണെങ്കിലും അത് വളരെ പ്രസക്തമായിട്ടുള്ള കാര്യങ്ങളാണ്. ഞാൻ വിചാരിച്ചു ഇത് വിജയ് ആയതുകൊണ്ടല്ലേ നമുക്ക് ഇങ്ങനെ പറയാൻ തോന്നുന്നത്, പിന്നീട് മനസിലായി അത് അങ്ങനെയല്ലെന്ന്. കാരണം ഞാൻ വേറെയും താരങ്ങളുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ടല്ലോ.
മാത്രമല്ല, അദ്ദേഹം നല്ല വാക്കുകൾ കണ്ടുപിടിച്ച് പറയുന്നതല്ല, അത് കുറച്ച് നേരം അദ്ദേഹത്തോട് സംസാരിച്ചിരിക്കുമ്പോൾ മനസിലാകും. അദ്ദേഹം പറയുന്ന കുറച്ച് കാര്യങ്ങളിൽ ആറ്റിക്കുറുക്കിയ വാക്കുകളാണുള്ളത്. അത് അദ്ദേഹത്തിന്റെ ഏറ്റവും നല്ല പ്രത്യേകതയും ഗുണവുമായിട്ടാണ് എനിക്ക് തോന്നുന്നത്. വിജയ് നല്ല പദ സമ്പത്തുള്ള മനുഷ്യനായിട്ടാണ് എനിക്ക് തോന്നുന്നത്,’ ഹരീഷ് പേരടി പറഞ്ഞു.
അഭിമുഖത്തിൽ അദ്ദേഹം മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തെപ്പറ്റിയും സംസാരിച്ചു. പ്രേക്ഷകർ അധികം കാണാത്ത തരത്തിലുള്ള കഥയും കഥാപാത്രങ്ങളുമുള്ള ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നും ചിത്രം ഒരേസമയം മാസ്സും ക്ലാസ്സും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പ്രേക്ഷകർ അധികം കാണാത്ത ഒരു പ്രത്യേക ഭൂമികയുടെ കഥയും കഥാപാത്രങ്ങളും ആയിരിക്കും മലൈക്കോട്ടൈ വാലിബൻ. ഒറ്റസമയം ചിത്രം മാസ്സും ക്ലാസ്സും ആണ്. ചിത്രത്തിൽ ലാലേട്ടന്റെ ഇടിയും ഉണ്ട്,’ ഹരീഷ് പേരടി പറഞ്ഞു.