വിക്രം എന്ന ചിത്രത്തിനൽ പാക്കപ്പിന് ശേഷമുള്ള പാച്ച് വർക്ക് നടക്കുമ്പോഴാണ് അഭിനയിക്കാൻ ചെല്ലുന്നതെന്ന് നടൻ ഹരീഷ് പേരടി. ലോകേഷ് ചെയ്യുന്ന ചിത്രങ്ങളിൽ തനിക്ക് പ്രാധാന്യം നൽകാറുണ്ടെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് തന്നെ വിളിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹരീഷ് പേരടി.
‘കൈതിയൊക്കെ ചെയ്യാൻ പോകുന്നതിന് മുൻപ് ഞാൻ മഹാനഗരം കണ്ടിരുന്നു. ലോകേഷ് ചെയ്യുന്ന ചിത്രങ്ങളിൽ എനിക്ക് നല്ല പ്രാധാന്യം നൽകാറുണ്ട്. അതിലുപരി നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് വിളിക്കാറുള്ളത്.
കൈതിയിൽ ആദ്യം എടുത്ത എന്റെ ഷോട്ട് ഞാൻ ഫോൺ വിളിക്കുന്നതാണ്. ഞാൻ ഒരു ടൂത് പിക്ക് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് പല്ലിൽ തോണ്ടിക്കൊണ്ടാണ് ഞാൻ ഫോണിൽ സംസാരിക്കുന്നത്.
ലോകേഷ് എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്, ആ പ്രോപ്പർട്ടി എന്തുകൊണ്ടാണ് ആവശ്യപ്പെട്ടതെന്നും തിരക്കി. ഞാൻ അതിനെപ്പറ്റി അദ്ദേഹത്തിന് വിവരിച്ച് കൊടുത്തു. അതായത്, ഇപ്പോൾ തന്നെ എല്ലാം ശരിയാക്കും എന്നാണ് ഞാൻ ഫോണിൽ കൂടി പറയുന്നത്, അതിനർത്ഥം ഒരു ചെളി കുടുങ്ങി കിടക്കുന്നുണ്ട്, അത് തോണ്ടി വൃത്തിയാക്കി തരാം എന്നാണ് ആ പ്രോപ്പർട്ടിയുടെ ഉപയോഗംകൊണ്ട്കൂടി ഉദ്ദേശിക്കുന്നത്. അപ്പോൾ ‘ഓക്കേ ഡു ഇറ്റ്’ എന്ന് പുള്ളി പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ തമ്മിലുള്ള ഒരു കൊടുക്കൽ വാങ്ങൽ. പുള്ളി അത് എന്നെക്കൊണ്ട് വെറുതെ ചെയ്യാൻ സമ്മതിച്ചില്ല. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് വന്ന് ചോദിച്ചു.
ഞാൻ വിക്രം, എന്ന ചിത്രത്തിൽ അഭിനയിക്കുന്നത് പാക്കപ്പിന് ശേഷമുള്ള പാച്ച് വർക്കിന്റെ സമയത്താണ്. അതൊരു പത്തോ പതിനഞ്ചോ ദിവസം ഉണ്ടാകും. ഒരു ഉച്ച ആയപ്പോൾ ഷൂട്ട് കഴിഞ്ഞു. ഞങ്ങൾ പോകാറായപ്പോൾ പുള്ളി പോകല്ലേ എന്ന് പറഞ്ഞു. എല്ലാ ഷോട്ടുകളും കണ്ടിട്ട് എന്തെങ്കിലും മിസ് ആയിട്ടുണ്ടോ എന്ന് നോക്കിയിട്ടാണ് ഞങ്ങളെ വിട്ടത്. അത്രയും ശ്രദ്ധയോടെ വർക്ക് ചെയ്യുന്ന ആളാണ് ലോകേഷ്.
നമുക്ക് തോന്നും വിജയ്‌യുടെ ഡേറ്റ് കിട്ടിയപ്പോൾ ഒരു കഥയുണ്ടാക്കിയേക്കാം എന്നോർത്ത് പടം ചെയ്യുന്നതാണെന്ന്. പക്ഷെ അതല്ല. കൈതി സെക്കൻഡ് പാർട്ടിന്റെ കഥ എന്നോ അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്. പക്ഷെ എന്നാലും മാറ്റങ്ങൾ വന്നേക്കാം,’ ഹരീഷ് പേരടി പറഞ്ഞു.
Content Highlights: Hareesh Peradi on Lokesh Kanakaraj