| Sunday, 2nd August 2020, 11:07 am

കറുത്ത നായികയുടെ കഥ പറയാന്‍ ഇന്നത്തെ വെളുത്ത നടിമാര്‍ കറുപ്പ് ചായത്തില്‍ മുങ്ങണം; വെളുത്ത നടി നടന്‍മാര്‍ എത്ര കഷ്ടപ്പെടുന്നുണ്ടല്ലേ ?: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയ്ക്ക് കറുപ്പിന്റെ സൗന്ദര്യം നഷ്ടമായെന്ന് നടന്‍ ഹരീഷ് പേരടി. പഴയകാല നടി സൂര്യ മലയാളിയുടെ മാറിയ സൗന്ദര്യ സങ്കല്പത്തിന്റെ ഭാഗമായിരുന്നു.

കറുത്ത നിറത്തിന് ഒരു സൗന്ദര്യ സങ്കല്പമുണ്ടാക്കിയ സംവിധായകനാണ് ഭരതന്‍. അദ്ദേഹത്തിന്റെ സിനിമയായ പറങ്കിമലയിലൂടെ മലയാളസിനിമയിലേക്കെത്തിയ സൂര്യ അതുവരെയുണ്ടായിരുന്ന സൗന്ദര്യ സങ്കല്പങ്ങളെ മാറ്റി എന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ശാരി, മാതു തുടങ്ങിയ നടിമാരിലൂടെ ഈ മാറ്റം നിലനിന്നിരുന്നെങ്കിലും പിന്നീട് അത് സിനിമയില്‍ നിന്ന് മാഞ്ഞുപോയെന്ന് ഹരീഷ് പറഞ്ഞു. കറുത്ത നായകന്റെ കഥകള്‍ പറയാനും നായികക്ക് വെളുപ്പ് നിര്‍ബന്ധമാണ്. ഇന്ന് കറുത്തവളുടെ കഥ പറയാന്‍ വെളുത്ത നടിമാര്‍ കറുപ്പ് ചായത്തില്‍ മുങ്ങണം.- ഹരീഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സില്‍ നായികാ സങ്കല്‍പമുണ്ടാക്കിയ സംവിധായകന്‍…പിന്നിട് കറുത്ത നിറമുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ ബഹുമാനം ഉണ്ടാക്കിയ കലാകാരന്‍ …അന്നത്തെ കാമുകന്‍മാര്‍ക്ക് കാമുകി ഒരു ഭരതന്‍ ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു…സൂര്യ എന്ന നടി പറങ്കി മലയിലൂടെ വളര്‍ന്ന് ആദാമിന്റെ വാരിയെല്ലില്‍ എത്തുമ്പോഴേക്കും കലയും കച്ചവടവും നടക്കുന്ന സിനിമാ സൗന്ദര്യബോധമായി അത് മാറിയിരുന്നു..ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു…ഇപ്പോള്‍ കറുത്ത നായകന്റെ കഥകള്‍ പറയാനും നായികക്ക് വെളുപ്പ് നിര്‍ബന്ധമാണ്..വെളുത്ത നായകന്‍ ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാന്‍ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്…അയ്യപ്പന്‍ നായരുടെ ഭാര്യ കറുത്തവളാവന്‍ പോലും ഒരു കാരണമുണ്ട് ..അയാള്‍ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ …ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം…നമ്മുടെ വെളുത്ത നടി നടന്‍മാര്‍ നമുക്ക് വേണ്ടി എത്ര കഷ്ടപെടുന്നുണ്ട് ല്ലേ ?…

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more