കൊച്ചി: മോഹല്‍ലാല്‍ ഫാന്‍സിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും പങ്കെടുത്ത വേദിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മോഹന്‍ലാല്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചിരുന്നു. ഇതിനെയാണ് ഹരീഷ് വിമര്‍ശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ പറഞ്ഞത്.
‘മോദിയായാലും അമിത് ഷായായാലും ഉമ്മന്‍ ചാണ്ടിയായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാന്‍സും ബഹുമാനിച്ചെ പറ്റൂ. അതല്ലെങ്കില്‍ ജനാധിപത്യ രീതിയിലൂടെ അവര്‍ക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം. ലോക സിനിമയിലെ നല്ല പത്ത് നടന്‍മാരില്‍ ഒരാളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിക്കുന്നു.’ ഹരീഷ് കുറിച്ചു.
ആര്‍പ്പു വിളി നടത്തിയ മോഹന്‍ലാല്‍ ആരാധകരോട് മുഖ്യമന്ത്രി പറഞ്ഞതിങ്ങനെയാണ്, ‘ഇതും നമ്മുടെ ഒരു പ്രത്യേകതയാണ്. നമ്മള്‍ നാടിന്റെ ഭാഗമായ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ചിലര്‍ ഒരു ചെറിയ വൃത്തത്തില്‍ ഒതുങ്ങി നില്‍ക്കും. അതിനപ്പുറം ഒന്നുമില്ല.
മോഹന്‍ലാല്‍ എന്ന മഹാനടന്‍ നമ്മുടെ അഭിമാനമാണ്. അദ്ദേഹത്തോട് സ്‌നേഹമാണ് അംഗീകരിക്കുകയാണ്. ഈ ഒച്ചയിടുന്നവര്‍ക്ക് അതിനപ്പുറം ഒന്നുമില്ല. അവര്‍ ഇത് അവസാനിപ്പിക്കുകയുമില്ല. ഇത് പ്രായത്തിന്റെ ഒരു പ്രത്യേകതയായിട്ട് കണ്ടാമതി.’
മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ബഹുമാനം നല്‍കാതെയുള്ള ഫാന്‍സിന്റെ പെരുമാറ്റം ശരിയായില്ല എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങളൊന്നും പരാമര്‍ശിക്കാതെയായിരുന്നു നടന്‍ മോഹന്‍ലാലിന്റെ പ്രസംഗം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു… അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മന്‍ ചാണ്ടിയായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാന്‍സും ബഹുമാനിച്ചെ പറ്റു…. അതല്ലങ്കില്‍ ജനാധിപത്യ രീതിയിലൂടെ അവര്‍ക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം…
ലോക സിനിമയിലെ നല്ല പത്ത് നടന്‍മാരില്‍ ഒരാളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് … എന്റെ ഈ പോസ്റ്റിന് ഫാന്‍സിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു… ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോള്‍ നിങ്ങളുടെ പൂച്ചെണ്ടുകള്‍ ഞാന്‍ ഏറ്റു വാങ്ങിയിട്ടുണ്ട് … അതിന് നന്ദിയും പറയുന്നു …എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും…