തിയേറ്ററുകള്‍ ആഴ്ചയില്‍ ഒരു ദിവസം നാടകങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോ? ഉടമകളോട് ഹരീഷ് പേരടി
Movie Day
തിയേറ്ററുകള്‍ ആഴ്ചയില്‍ ഒരു ദിവസം നാടകങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോ? ഉടമകളോട് ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th July 2022, 11:15 pm

തിയേറ്ററുകള്‍ ആഴ്ചയില്‍ ഒരു ദിവസം നാടകങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോ എന്ന ചോദ്യമുയര്‍ത്തി നടന്‍ ഹരീഷ് പേരടി. നാടകക്കാര്‍ റെഡിയാണെന്നും തിയേറ്റര്‍ ഉടമകള്‍ തയ്യാറാണോ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. സര്‍ക്കാറിനോട് ഇതൊക്കെ പറഞ്ഞുമടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

‘മലയാള സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ ആളില്ല എന്ന വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക് തിയേറ്റര്‍ ഉടമകളോട് ഒരു ചോദ്യം . ആഴ്ചയില്‍ ഒരു ദിവസം പരീക്ഷണാര്‍ത്ഥം നിങ്ങളുടെ തിയേറ്റര്‍ ഇപ്പോഴുള്ള അതേ നിരക്കില്‍ നാടകങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോ.

തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടുമടുത്ത പ്രേക്ഷകര്‍ക്ക് ഒരു സമാധാനമുണ്ടാവും. നാടകക്കാര്‍ റെഡിയാണ്. നിങ്ങള്‍ റെഡിയാണോ.

സര്‍ക്കാറിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണ്. ടിക്കറ്റ് എടുത്ത് ആളുകള്‍ നാടകം കാണാന്‍ തുടങ്ങിയാല്‍ നാടകക്കാരും നികുതിദായകരായി മാറും. ഏത് സര്‍ക്കാറും പിന്നാലെ വന്നോളും. അത് അപ്പോള്‍ ആലോചിക്കാം. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞ കോഴിക്കോട്ടെ കൊളാംബിയില്‍ നിന്ന് തന്നെ തുടങ്ങാം.

നാടകവും റെഡിയാണ്. ശാന്തന്റെ ഭൂപടം മാറ്റി വരക്കുമ്പോള്‍’ റഫീക്കിന്റെ സംവിധാനത്തില്‍ കോഴിക്കോട്ടെ നാടകക്കാര്‍ ഈ വിപ്ലവം ഉദ്ഘാടനം ചെയ്യും. ധൈര്യമുള്ള തിയേറ്റര്‍ ഉടമകള്‍ മറുപടി തരിക. നാളെയെങ്കില്‍ നാളെ. ഞങ്ങള്‍ റെഡിയാണ്,’ ഹരീഷ് പേരടി പറഞ്ഞു.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ തലത്തില്‍ നാടക ശാലകള്‍ വേണമെന്ന് ഹരീഷ് പേരടി ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റെടുത്ത് ആളുകള്‍ നാടകം കാണുന്ന ഒരു കാലം എല്ലാ നാടകക്കാരും സ്വപ്നം കാണുന്നുണ്ട്. ഒരുപാട് വികസിത രാജ്യങ്ങളില്‍ ഇപ്പോഴും നാടകത്തിനുള്ള ടിക്കറ്റുകള്‍ മാസങ്ങള്‍ക്കുമുമ്പേ വിറ്റു പോവുന്നുണ്ട്. ഇതൊക്കെ ഇവിടെയും നടക്കുന്ന കാര്യങ്ങളാണെന്നും ഹരീഷ് പേരടി പറഞ്ഞിരുന്നു.

കൊവിഡില്‍ സിനിമാ മേഖലയ്ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു, ദുരിതമനുഭവിക്കുന്ന നാടക കലാകാരന്മാരെ ഓര്‍മ്മിപ്പിച്ച് കൊണ്ടുള്ള ഹരീഷ് പേരടിയുടെ പ്രതികരണം

‘നാടകക്കാരനായതു കൊണ്ട് മാത്രമാണ് ഞാന്‍ സിനിമയില്‍ സജീവമായത്. വന്ന വഴി മറക്കാന്‍ പറ്റില്ല. ആ വഴിയില്‍ പ്രതീക്ഷയോടെ എന്റെ നാടക സുഹൃത്തുക്കള്‍ ക്ഷീണിതരായി ഇരിക്കുന്നുണ്ട്’, എന്നായിരുന്നു ഹരീഷ് എഴുതിയിരുന്നത്.