സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെ പു.ക.സയുടെ പരിപാടിയില്‍ ഹരീഷ് പേരടിക്ക് വിലക്ക്
Film News
സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെ പു.ക.സയുടെ പരിപാടിയില്‍ ഹരീഷ് പേരടിക്ക് വിലക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th June 2022, 11:19 pm

പുരോഗമന കലാസാഹിത്യസംഘത്തിന്റെ കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ നടന്‍ ഹരീഷ് പേരടിക്ക് വിലക്ക്. നാടക സംവിധായകന്‍ എ. ശാന്തന്റെ അനുസ്മരണ ചടങ്ങിലാണ് ഹരീഷ് പേരടിക്ക് വിലക്കേര്‍പ്പെടുത്തിയത്. ഹരീഷ് പേരടിയായിരുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.

കോഴിക്കോട്ടേക്ക് പുറപ്പെട്ടതിന് ശേഷം പാതിവഴിയില്‍വെച്ച് സംഘാടകര്‍ പരിപാടിയിലേക്ക് വരേണ്ട എന്ന് അറിയിക്കുകയായിരുന്നു എന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് സംഘാടകര്‍ പറഞ്ഞതെന്ന് ഹരീഷ് പറയുന്നു.

തലേദിവസം രാത്രിയും പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ഓര്‍മിപ്പിച്ചതിന് ശേഷമാണ് സംഘാടകര്‍ പിറ്റെദിവസം വരേണ്ടതില്ലെന്ന് അറിയിച്ചതെന്നും ഹരീഷ് പറയുന്നു.

‘ശാന്താ, ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു.ക.സയുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി. ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു.. ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പാതിവഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളില്‍.

നിന്റെ ഓര്‍മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും. അതുകൊണ്ട് ഞാന്‍ മാറിനിന്നു. ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല. ഇതാണ് സത്യം, പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ. ‘ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം’നാടകം-പെരുംകൊല്ലന്‍,’ എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

നേരത്തെ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ ഹരീഷ് വിമര്‍ശിച്ചിരുന്നു. മുഖ്യമന്തിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിലും കോണ്‍ഗ്രസ് ആസ്ഥാനം ആക്രമിക്കപ്പെട്ട വിഷയത്തിലും കോണ്‍ഗ്രസ്സിനും സി.പി.ഐ.എമ്മിനുമെതിരെ ഹരീഷ് വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

Content Highlight: Hareesh Peradi banned from the program of pu ka sa after criticizing the government