| Monday, 15th November 2021, 11:58 am

സോപ്പ് പെട്ടി വാങ്ങാന്‍ അഞ്ചാറ് മണിക്കൂര്‍ കസേരയില്‍ ഇരിക്കാന്‍ വയ്യാ; അവാര്‍ഡ് നിരസിച്ച് ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികവാര്‍ന്ന അഭിനയത്തിനുമപ്പുറം ചില നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനായ നടനാണ് ഹരീഷ് പേരടി. നാടകത്തില്‍ നിന്നും സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ട് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിലും സജീവമാണ് ഹരീഷ് പേരടി.

ഹരീഷ് ഫേസ്ബുക്കില്‍ പങ്ക് വെച്ച കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്്. തെലുങ്ക് സിനിമയിലെ അഭിനയത്തിന് തേടി വന്ന അവാര്‍ഡ് നിരസിച്ചെന്നും ക്യാഷ് അവാര്‍ഡല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി മാത്രം അഞ്ചാറ് മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യാ എന്നുമാണ് ഹരീഷ് കുറിച്ചത്.

‘ജനാധിപന്‍ എന്ന സിനിമയിലെ അഭിനയത്തിന് തെല്ലുങ്കിലെ സന്തോഷം മാഗസിനും സുമന്‍ ടി.വിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡ് നിശയിലേക്ക് 2019 -ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തിരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ചമുമ്പ് ഒരു ദൂതന്‍ വഴി എന്നെ അറിയിച്ചിരുന്നു.

ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി 5,6 മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യാ എന്ന് ഞാന്‍ ആ ദൂതനെയും അറിയിച്ചു. അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും. ആശംസകള്‍. ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു.

ഇത് നിങ്ങളെ അറിയിക്കാന്‍ കാരണം അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ മാത്രമല്ല അത് വേണ്ടന്ന് വെക്കുമ്പോളും നിങ്ങള്‍ അറിയണമെന്ന് തോന്നി. അതുകൊണ്ട് മാത്രം. എന്തായാലും കൃത്യമായി ശമ്പളം തന്ന നിര്‍മ്മാതാവ് ബാലാജി സാറിനും തിരക്കഥാകൃത്തും സംവിധായകനുമായ തന്‍സീര്‍ മുഹമ്മദിനും മലയാളികള്‍ക്ക് തോന്നാത്ത തോന്നല്‍ ഉണ്ടായ സുമന്‍ ടി.വിക്കും സന്തോഷം മാഗസിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി’, ഹരീഷ് പേരടി കുറിച്ചു.

കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലെത്തിയ ഹരീഷ് പേരടി പിന്നീട് നിരവധി സിരീയലുകളുടെ ഭാഗമായി. 2008 ല്‍ പുറത്തിറങ്ങിയ ബാലചന്ദ്ര മോനോന്‍ ചിത്രം ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

2013 ലെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. മരക്കാര്‍, ഭീഷ്മ പര്‍വ്വം, ഉടുമ്പ്, സുല്‍ത്താന്‍(തമിഴ്) മുതലായവയാണ് ഹരീഷ് അഭിനയിച്ച് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more