| Wednesday, 13th March 2024, 7:50 am

സി.എ.എ നടപ്പിലാക്കില്ലെന്ന് പറയാൻ കേരളം ഒരു രാജ്യമാണോ?; മുഖ്യമന്ത്രിയുടെ പ്രസ്താവന അറബിക്കടലിൽ വരച്ച വര പോലെയെന്ന് ഹരീഷ് പേരടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാകില്ലെന്ന് അടിവരയിട്ട് പറയുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വെള്ളത്തിൽ വരച്ച വര പോലെയാണെന്ന് നടൻ ഹരീഷ് പേരടി.

2014 ഡിസംബർ 31ന് മുമ്പ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ കേന്ദ്ര സർക്കാരിന്റെ പട്ടികയിൽപ്പെടാത്തവർക്ക് കേരളം പൗരത്വം നൽകുമെന്നല്ലേ മുഖ്യമന്ത്രി പറഞ്ഞതിനർത്ഥമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ കേരളം ഒരു രാജ്യമല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

‘ഈ അടിവരയെകുറിച്ച് എനിക്ക് ശരിക്ക് ഒന്നും മനസ്സിലായില്ല. 2014-ഡിസംബർ 31ന് മുൻപ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ കേന്ദ്ര സർക്കാറിന്റെ പട്ടികയിൽപ്പെടാത്തവർക്ക് കേരളം പൗരത്വം നൽകുമെന്നല്ലെ ഈ പറഞ്ഞതിന്റെ അർത്ഥം.

അതെങ്ങിനെ നടക്കും. അതിന് കേരളം ഒരു രാജ്യമല്ലല്ലോ. ആർമിയും എയർഫോഴ്സും നേവിയും എല്ലാമുള്ള ഇന്ത്യാ മഹാരാജ്യത്തിലെ ഇതൊന്നും സ്വന്തമായില്ലാത്ത ഒരു ചെറിയ സംസ്ഥാനമല്ലെ.

രാജ്യത്ത് ഒരു നിയമം നടപ്പിലായ സ്ഥിതിക്ക് ഈ അടിവര അറബിക്കടലിൽ വരച്ച വര പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ,’ ഹരീഷ് പേരടി പറഞ്ഞു.

നേരത്തെ പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തെ പിന്തുണച്ചുകൊണ്ടും അദ്ദേഹം രംഗത്ത് വന്നിരുന്നു. വനിതാ ദിനത്തിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ ഒരുപാട് അവഗണകളെ മറികടന്ന് ഇഷ്ടമുള്ള സ്ഥലത്തേക്ക് ഒരു സ്ത്രീ ഒറ്റക്ക് നടന്നുനീങ്ങുന്നതിലും വലിയ മാതൃകയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Content Highlight: Hareesh Peradi against CM’s statement saying CAA won’t be implemented in Kerala

We use cookies to give you the best possible experience. Learn more