| Wednesday, 31st January 2024, 4:47 pm

ലാലേട്ടനേക്കാൾ ഈസിയായി തോന്നിയത് വിജയ്‌യെയാണ്: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഹരീഷ് പേരടി. പ്രിയദർശൻ റീമേക് ചെയ്യുന്ന ഓളവും തീരവും ചിത്രത്തിലെ അടിയെല്ലാം മോഹൻലാലാണ് കമ്പോസ് ചെയ്തതെന്ന് ഹരീഷ് പേരടി പറഞ്ഞു. മോഹൻലാലിന്റെ കൊറിയോഗ്രഫിയിൽ ധൈര്യമായിട്ട് പങ്കെടുക്കാൻ പറ്റുമെന്നും ഹരീഷ് പറയുന്നുണ്ട്. ഇതുപോലെ മോഹൻലാലിനേക്കാൾ ഈസിയായി തോന്നിയത് തമിഴ് നടൻ വിജയ് ആണെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹരീഷ്.

‘ഈ തൊട്ടു മുന്നേ ഞങ്ങൾ ചെയ്ത ഓളവും തീരവും സിനിമയിൽ ഞാനും ലാലേട്ടനും തമ്മിൽ ഒരു നാടനടി ഉണ്ട്. ഇത് നാടൻ അടിയാണ്, അത് കമ്പോസ് ചെയ്തത് മുഴുവൻ ലാലേട്ടനാണ്. ഞങ്ങൾ തമ്മിൽ കെട്ടിമറിഞ്ഞിട്ടുള്ള ഒരു അടിയുണ്ട്. അതൊരു താഴ്വാരം സ്റ്റൈലിലുള്ള അടിയാണ്. അത് പഴയ ഓളവും തീരും തന്നെയാണ്. അത് പ്രിയൻ സാർ, പുതിയ ക്രാഫ്റ്റിലൂടെ സൗന്ദര്യമായിട്ട് വർക്ക് ചെയ്ത ഒരു സിനിമയാണത്.

അത് ലാലേട്ടനാണ് ഫുള്ള് കമ്പോസ് ചെയ്തത്. അതെങ്ങനെ ചെയ്യണം, എവിടെ ഒഴിയണം എന്നെല്ലാം പറഞ്ഞു തന്നത് ലാലേട്ടനാണ്. തൂവൽ സ്പർശം എന്ന സാധനമുണ്ട്, അതാണ് ലാലേട്ടന്റെ അടി. അതുകൊണ്ട് നമുക്ക് ധൈര്യമായിട്ട് പുള്ളിയുടെ കൂടെ കൊറിയോഗ്രഫിയിൽ പങ്കെടുക്കാൻ പറ്റും. ഇതേപോലെ ഫൈറ്റിൽ ലാലേട്ടനെക്കാൾ ഈസിയായി തോന്നിയത് തമിഴ് നടൻ വിജയ് ആണ്. വിജയ് സാർ ഇതുപോലെയാണ് ഭയങ്കര രസമാണ്,’ ഹരീഷ് പേരടി പറഞ്ഞു.

മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തിയ മലൈക്കോട്ടൈ വാലിബാനാണ് ഹരീഷ് പേരടിയുടെ പുതിയ ചിത്രം. മോഹൻലാലിനും ഹരീഷ് പേരടിക്കും പുറമെ സൊണാലി കുൽക്കർണി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജനുവരി 25ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നൂറ്റി മുപ്പത് ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്.

Content Highlight: Hareesh peradi about vijay and mohanlal

Latest Stories

We use cookies to give you the best possible experience. Learn more