കൊച്ചി: റാപ്പ് ഗായകന്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) മീടൂ ആരോപണ കേസില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. മൂന്നാം ലോകത്തെ ലൈംഗിക ദാരിദ്ര്യം ഇനിയും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലൈംഗിക സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്തെ മീ ടൂ സ്വാതന്ത്ര്യത്തിന്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറുമ്പോള്‍ സെക്‌സിന്റെ പട്ടിണിയുള്ള ഒരു ഉഷ്ണ രാജ്യത്തെ മീടൂ ഇര വേട്ടക്കാരനെ ഉണ്ടാക്കുന്ന സ്വാതന്ത്ര്യ ലംഘനമായും കള്ളനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന സദാചാരമായി മാറുന്നുവെന്ന് ഹരീഷ് പേരടി പറഞ്ഞു.
ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണെന്നും ഹരീഷ് പറഞ്ഞു.
വേട്ടക്കാരന്‍ സവര്‍ണന്‍ ആയിരുന്നെങ്കില്‍ അയാള്‍ക്ക് ഇപ്പോഴും ഇളവുകള്‍ ഉണ്ടാകുമായിരുന്നു. അതുകൊണ്ട് വേടനെയും വൈരമുത്തുവിന്റെയും വ്യക്തി സ്വഭാവം നിയമപരമായി നേരിടുമ്പോഴും അവരുടെ പാട്ടുകള്‍ കേട്ടുകൊണ്ടേയിരിക്കുമെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ ഫ്രം എ നേറ്റീവ് ഡോട്ടര്‍ ആല്‍ബവുമായി പ്രവര്‍ത്തിച്ചുവരവെയായിരുന്നു വേടനെതിരെ മീടൂ ആരോപണമുയര്‍ന്നത്. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞുകൊണ്ട് വേടന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.
‘എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാ വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു,’ എന്നായിരുന്നു വേടന്‍ ഇന്‍സ്റ്റഗ്രാമിലെഴുതിയിരുന്നത്.
വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറിഞ്ഞോ അറിയാതെയോ തന്നില്‍ നിന്ന് മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണമായും താന്‍ ബാധ്യസ്ഥനാണെന്നും അത്തരം ഒരു മാറ്റം തന്നില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
മാപ്പ് പറഞ്ഞ വേടന് പിന്തുണയുമായി ചിലര്‍ എത്തിയിരുന്നു, എന്നാല്‍ വേടന്റെ മാപ്പു പറച്ചില്‍ അംഗീകരിക്കേണ്ടത് ലൈംഗിക അതിക്രമത്തെ അതിജീവിച്ചവരുടെ മാത്രം അവകാശമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റു അഭിപ്രായങ്ങള്‍.