| Wednesday, 17th June 2020, 9:45 am

'തിലകനും വിനയനും അതിജീവിച്ച കഥ അറിഞ്ഞിരുന്നുവെങ്കില്‍ സുശാന്തിപ്പോഴും നമ്മളോടൊപ്പം ഉണ്ടായേനെ'; ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയതിന് ശേഷം വിഷാദ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടന്നുവരികയാണ്. എന്നാല്‍ നടി കങ്കണ റാവത്ത് നടത്തിയ പ്രതികരണം മറ്റൊരു കാര്യത്തെ കൂടി ചര്‍ച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

ബോളിവുഡില്‍ സ്വജനപക്ഷപാതിത്വം നിലനില്‍ക്കുന്നുവെന്നും ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലേക്ക് കടന്നുവന്ന സുശാന്തിന്റെ അഞ്ചോളം ചിത്രങ്ങള്‍ 2019ല്‍ മുടക്കിയെന്നുമാണ് കങ്കണയുടെ വിമര്‍ശനം. ഇതിനെ തുടര്‍ന്ന് സ്വജനപക്ഷപാതിത്വത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സംവിധായകന്‍ കരണ്‍ ജോഹറിനും നടി ആലിയ ഭട്ടിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ജീവിച്ചിരുന്നപ്പോള്‍ സുശാന്ത് അനുഭവിച്ചിരുന്ന പ്രശ്നങ്ങളില്‍ ഇടപെടാത്ത ഇവര്‍ മരിച്ചു കഴിഞ്ഞപ്പോള്‍ ആത്മാര്‍ത്ഥയില്ലാതെ സംസാരിക്കുന്നു എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

സുശാന്തിന്‍റെ  മരണത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. തിലകനും വിനയനും
അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പമുണ്ടായിരുന്നേനെ എന്ന് ഹരീഷ് പേരടി പറഞ്ഞു.

ഹരീഷ് പേരടിയുടെ പ്രതികരണം

സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു…മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ടു പേരെ..മലയാള സിനിമ കോവിഡിനുമുമ്പേ സാമൂഹ്യ അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ..അതിനെ അവര്‍ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പ്മുണ്ടായിരുന്നേനെ…അഭിപ്രായ വിത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇനി തൊഴില്‍ ചെയത് ജീവിക്കാന്‍ സമ്മതിക്കില്ല എന്ന നിലപാട് ജനാധിപത്യ രാജ്യത്ത് ഏതു കാലത്തും ഏതു സ്ഥലത്തും പ്രതിഷേധാര്‍ഹമാണ്..ഇനിയും ഇത്തരം ആത്മഹത്യകള്‍ സംഭവിക്കാതിരിക്കട്ടെ …

We use cookies to give you the best possible experience. Learn more