| Sunday, 30th May 2021, 8:31 am

ലാല്‍സലാം മോദിജീ, പക്ഷെ ഇതൊക്കെ ലക്ഷദ്വീപിലെ കുട്ടികള്‍ക്കും ബാധകമല്ലേ?; കുട്ടികള്‍ക്കായുള്ള കേന്ദ്രത്തിന്റെ പദ്ധതിയില്‍ ഹരീഷ് പേരടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കുട്ടികള്‍ക്കായി പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ ലക്ഷദ്വീപിലെ കുട്ടികള്‍ക്കു കൂടി നല്‍കണമെന്ന് നടന്‍ ഹരീഷ് പേരടി. കൊവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ലക്ഷദ്വീപിലെ കുട്ടികള്‍ക്ക് കൂടി അവകാശമുണ്ടെന്നാണ് ഹരീഷ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ചു പോയ കുട്ടികളെ സഹായിക്കുന്നതിനായുള്ള പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് ലക്ഷദ്വീപിലെ കുട്ടികളെ മറന്ന് കൊണ്ടാകരുതെന്നാണ് ഹരീഷ് പറഞ്ഞത്.

നല്ലത് ആര് ചെയ്താലും അംഗീകരിക്കണം. പക്ഷെ ഇത്തരം ആനുകൂല്യങ്ങള്‍ ലക്ഷദ്വീപിലെ കുട്ടികള്‍ക്ക് കൂടി ബാധകമല്ലേ, അവര്‍ക്കും നല്‍കണം എന്നാണ് ഹരീഷ് പറഞ്ഞത്.

‘നല്ലത് ആര് ചെയ്താലും അത് നല്ലതാണെന്ന് പറയാന്‍ പറ്റണം…എന്റെ രാഷ്ട്രീയം ഇങ്ങനെയാണ്…മോദിജി ലാല്‍സലാം…ഇത് ലക്ഷദീപിലെ കുട്ടികള്‍ക്കും ബാധകമല്ലേ?…ഇല്ലെങ്കില്‍ അവരെ കൂടി പെടുത്തണം,’ ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

കൊവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം നല്‍കുന്ന പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്.

കുട്ടിക്ക് 18 വയസ്സാകുന്നത് വരെ 10 ലക്ഷം രൂപ അവരുടെ പേരില്‍ സ്ഥിര നിക്ഷേപമായി ബാങ്കില്‍ നിക്ഷേപിക്കും. ഈ തുക ഉപയോഗിച്ച് 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ മാസം തോറും കുട്ടിക്ക് സ്‌റ്റൈപെന്‍ഡ് നല്‍കും. ബാക്കി തുക 23 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നല്‍കും എന്നിങ്ങനെയാണ് പ്രഖ്യാപനം.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അടുത്ത കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും എന്നും ഫീസും യൂണിഫോമിന്റെയും പുസ്തകത്തിന്റെയും ചെലവ് പി. എം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് നല്‍കുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഈ പദ്ധതിയൊക്കെ നല്ലതാണ് പക്ഷെ ഇതൊക്കെ കുട്ടികള്‍ക്ക് കിട്ടുമോ എന്ന് കണ്ടറിയാം എന്നും ട്രോളിന്റെ ഉദാത്ത വേര്‍ഷന്‍ എന്നുമൊക്കെയാണ് ഹരീഷിന്റെ പോസ്റ്റിന് കീഴെ വരുന്ന പ്രതികരണങ്ങള്‍.

കേരള സര്‍ക്കാര്‍ ഇത് നേരത്തെ പ്രഖ്യാപിച്ചതാണെന്നും ഇതും കേന്ദ്രത്തിന്റെ പദ്ധതിയാണെന്ന് അടിച്ചിറക്കാന്‍ വേണ്ടി ചെയ്യുന്നതാണെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Hareesh Peradi about new announcement of Modi govt.

We use cookies to give you the best possible experience. Learn more