മാര്‍ച്ച് 26ന് രാത്രി പത്തരയോടെയാണ് മലയാളത്തിന്റെ മഹാനടന്‍ ഇന്നസെന്റ് വിട വാങ്ങിയത്. മരണ വിവരം അറിഞ്ഞ സിനിമാ, സാമൂഹിക, രാഷ്ട്രീയ കോണുകളില്‍ നിന്നുമുള്ള നിരവധി പ്രമുഖരാണ് ആശുപത്രിയിലേക്ക് എത്തിയത്. ഷൂട്ടിങ് തിരക്കിലായിരുന്ന മോഹന്‍ലാല്‍ തിങ്കളാഴ്ച വൈകിട്ടാണ് ഇന്നസെന്റിന്റെ മൃതദേഹം കാണാന്‍ എത്തിയത്.
രാജസ്ഥാനില്‍ ഷൂട്ടിനിടക്ക് വെച്ച് ഇന്നസെന്റ് മരിച്ച വിവരം മോഹന്‍ലാലാണ് തന്നോട് പറയുന്നതെന്നും അതിന് ശേഷം അദ്ദേഹം പുലര്‍ച്ചെ നാല് മണി വരെ ഷൂട്ട് തുടര്‍ന്നുവെന്നും ഹരീഷ് പറഞ്ഞു. സിനിമയെന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യങ്ങളില്‍ എത്തിക്കാന്‍ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു മനുഷ്യന്റെ മഹാവേദനയാണ് താനപ്പോള്‍ കണ്ടതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പറഞ്ഞു.
‘ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേര്‍ ചിത്രമാണ്. ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടന്‍ രാജസ്ഥാനില്‍ എത്തുന്നത്. ആയിരത്തോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഒരുഗാനരംഗം. കഥാപാത്രത്തിന്റെ മുഴുവന്‍ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടന്‍ എന്നോട് സ്വകാര്യമായി പറഞ്ഞു, ‘ഇന്നസെന്റേട്ടന്‍ പോയി, വാര്‍ത്ത ഇപ്പോള്‍ പുറത്തുവരും, ഞാന്‍ പാട്ട് പാടി കഥാപാത്രമാവാന്‍ പോവുകയാണ്’.
സിനിമയെന്ന സ്വപനത്തെ യാഥാര്‍ത്ഥ്യങ്ങളില്‍ എത്തിക്കാന്‍ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല, ഒരു മനുഷ്യന്റെ മഹാവേദന. ഒരുപാട് ഓര്‍മകള്‍ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാന്‍ ഇല്ലാതെ ഞാന്‍ ഒരു പ്രതിമയെ പോലെ നോക്കിനിന്നു.
പുലര്‍ച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാന്‍ കൊച്ചിയിലേക്ക്. ഇന്നസെന്റ് സാര്‍, ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാന്‍ ആഗ്രഹിക്കും. കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങള്‍ ഉണ്ടാക്കിയ ചിന്തകള്‍ അത്രയും വലുതാണ്. പകരം വെക്കാനില്ലാത്തതാണ്,’ ഹരീഷ് കുറിച്ചു.
Content Highlight: hareesh peradi about mohanlal and innocent