| Monday, 14th November 2022, 11:56 pm

'ഇങ്ങള് ഇലുമലാണ്ടിയല്ലേ'; കോമഡിയില്‍ സ്‌കോര്‍ ചെയ്തത് ഹരീഷ് കണാരനും ശ്രിന്ദയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജിബു ജേക്കബ് സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് മേ ഹൂം മൂസ. 19 വര്‍ഷം പാകിസ്ഥാനിലെ ജയില്‍ വാസത്തിന് ശേഷം സ്വന്തരാജ്യത്തേക്ക് തിരികെയെത്തുന്ന മൂസയുടെ കഥയാണ് ചിത്രം പറയുന്നത്. നാട്ടുകാരും വീട്ടുകാരും മൂസ മരിച്ചുവെന്നാണ് അത്രയും നാള്‍ വിചാരിച്ചുകൊണ്ടിരുന്നത്.

കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ജിബു ജേക്കബ് മേ ഹൂം മൂസയും ഒരുക്കിയിരിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ട്രാക്കിലാണ് ചിത്രം പോകുന്നത്. സാധാരണ ഗതിയില്‍ വിഷമം വരുന്ന സന്ദര്‍ഭങ്ങളൊക്കെ കോമഡിയായിട്ടാണ് മേ ഹൂം മൂസയില്‍ കാണുന്നത്. അത് വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ പഴയ മലയാളസിനിമകളില്‍ കൈകാര്യം ചെയ്തിരുന്ന തരത്തിലുള്ള തമാശകളാണ് മേ ഹൂം മൂസയില്‍ കാണാനാവുന്നത്.

ചിത്രത്തിലെ കോമഡി എലമെന്റിലേക്ക് വരുമ്പോള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത് ഹരീഷ് കണാരനും ശ്രിന്ദയുമാണ്. സുരേഷ് ഗോപിക്കൊപ്പം ചിത്രത്തില്‍ മുഴുനീള കഥാപാത്രമായാണ് ഹരീഷ് കണാരന്റെ താമി എത്തുന്നത്. ചെറുപ്പം മുതലേ മൂസയുടെ സുഹൃത്താണ് താമി.

19 വര്‍ഷങ്ങള്‍ക്ക് ശേഷം മൂസക്ക് ഏക ആശ്രയമാകുന്നത് താമിയാണ്. ജയിലില്‍ കിടന്ന മൂസക്ക് പുറംലോകത്ത് സംഭവിച്ചതിനെ പറ്റി ഒരു ധാരണയുമില്ല. ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും എന്താണെന്ന് മൂസക്ക് അറിയില്ല. ഇതിനെ പറ്റിയെല്ലാം അയാള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് താമിയാണ്. മൂസക്ക് ആവശ്യമുള്ളപ്പോഴെല്ലാം തന്റെ ഫോണ്‍ താമി കൈമാറുന്നുണ്ട്.

പുഴക്കരയില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ മൂസയുടെ കയ്യില്‍ നിന്നും ഫോണ്‍ പുഴയില്‍ വീഴുന്നുണ്ട്. പേപ്പറിലെഴുതിയ നമ്പര്‍ പോയല്ലോ എന്ന് മൂസ പരിഭവപ്പെടുമ്പോള്‍ ഫോണ്‍ കിട്ടിയാലല്ലേ ചങ്ങാതി നമ്പറിന്റെ ആവശ്യമുള്ളൂ എന്ന താമിയുടെ ഡയലോഗ് തിയേറ്ററില്‍ ചിരി ഉണര്‍ത്തി. ഡി.എസ്.സി ഓഫീസില്‍ പോകുമ്പോള്‍ മേജര്‍ രവിയും ഹരീഷ് കണാരനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും രസകരമായിരുന്നു.

മൂസയുടെ പെങ്ങളായ സുഹറയായിട്ടാണ് ശ്രിന്ദ ചിത്രത്തിലെത്തിയത്. 19 വര്‍ഷത്തിന് ശേഷം തന്റെ മൂത്ത സഹോദരനെ കണ്ടുമുട്ടുമ്പോള്‍ വീട്ടിലും നാട്ടിലും സംഭവിച്ചതൊക്കെ സുഹറ വിവരിക്കുന്നുണ്ട്. ഈ രംഗങ്ങളിലൊക്കെ ശ്രിന്ദയുടെ ഡയലോഗുകളുടെ ഒഴുക്കും മോഡുലേഷനുമൊക്കെ ഗംഭീരമാണ്. അധികം വിദ്യാഭ്യാസമോ വിവരവുമില്ലാത്ത സ്ത്രീയാണ് സുഹറ. സാഹചര്യം നോക്കാതെ അവര്‍ മണ്ടത്തരങ്ങള്‍ പറയുന്നുണ്ട്.

സുഹറയിലേക്ക് വരുമ്പോഴുള്ള ഒരു പോരായ്മ കാലങ്ങളായി മലയാള സിനിമയില്‍ കണ്ടുവരുന്ന ഒരു കഥാപാത്രനിര്‍മിതിയാണ് ഇതെന്നുള്ളതാണ്. കാര്യവിവരമില്ലാത്ത, മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നു ‘നാട്ടിന്‍പുറത്തുകാരിയെ’ എത്രയോ സിനികളില്‍ കണ്ടു പഴകിയതാണ്. കാലത്തിനനുസരിച്ച് സിനിമ മാറിയപ്പോള്‍ കുഴിച്ചുമൂടിയ രണ്ടായിരങ്ങളിലെ റേപ് ജോക്കും മേ ഹൂം മൂസ തിരികെ കൊണ്ടുവരുന്നുണ്ട്.

Content Highlight: hareesh kanaran and srinda scored in the comedy parts of mei hoom moosa

We use cookies to give you the best possible experience. Learn more