| Saturday, 4th July 2020, 5:30 pm

'ആരെങ്കിലും ഒന്നു രക്ഷിക്കൂ'; ആശുപത്രി വരാന്തയില്‍ അമ്മയുടെ ജീവന് വേണ്ടി യാചിച്ച് മകന്‍; യു.പിയില്‍ നിന്ന് ഹൃദയഭേദകമായ മറ്റൊരു സംഭവം കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രി വരാന്തയില്‍ യാചിക്കുന്ന ഒരു മകന്റെ വീഡിയോയാണ് യു.പിയിലെ ഹര്‍ദോയ് ജില്ലയില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ വാതില്‍ക്കല്‍ എത്തിയിട്ടും ആശുപത്രിയില്‍ നിന്നുള്ള ഒരു ജീവനക്കാരും യുവാവിന്റെ സഹായത്തിനായി എത്തുന്നില്ല.

വരാന്തയില്‍ വീണു കിടക്കുന്ന അമ്മയെ രക്ഷിക്കാന്‍ മകന്‍ കരഞ്ഞ് അപേക്ഷിക്കുന്നതും ആശുപത്രിയുടെ വാതില്‍ക്കല്‍ പോയി മുട്ടിവിളിക്കുന്നതും വീഡിയോയില്‍ കാണാം.

യു.പിയിലെ സാവൈജര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം. എന്നാല്‍ ആശുപത്രിയുടെ ഉള്ളില്‍ ആരേയും കാണുന്നില്ല. ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് ആശുപത്രിയുടെ വാതിലിലും ജനലിലും യുവാവ് മുട്ടുന്നുണ്ട്. ആശുപത്രിയ്ക്കുള്ളില്‍ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാനായി ജനല്‍ച്ചില്ലടക്കം കൈകൊണ്ട് പൊട്ടിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഈ സമയമത്രയും ആശുപത്രിയുടെ മുറ്റത്ത് കിടന്ന സ്ത്രീ പിന്നീട് മരണപ്പെടുകയും ചെയ്തു.

എന്നാല്‍ യുവാവ് ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെയാണ് എത്തിയതെന്നും പ്രവര്‍ത്തന സമയം കഴിഞ്ഞതിനാലാണ് അവര്‍ ശ്രദ്ധിക്കപ്പെടാതെ പോയതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

പ്രവര്‍ത്തന സമയം കഴിഞ്ഞാല്‍ മറ്റൊരു ഗേറ്റില്‍ കൂടിയാണ് പ്രവേശനം അനുവദിച്ചിരുന്നത്. പിന്നെ എമര്‍ജന്‍സി കേസുകളെല്ലാം പിന്‍വശത്തെ ഗേറ്റില്‍ കൂടിയാണ് എത്താറാണ്. ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ളവരെ ഈ സമയത്ത് പിറകുവശത്തെ ഗേറ്റില്‍ കൂടിയാണ് എത്തിക്കാറെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ജില്ലാ ആശുപത്രിയിലേക്ക് യുവതിയെ എത്തിച്ചിരുന്നെന്നും അവിടെ വെച്ചാണ് അവര്‍ മരണപ്പെട്ടതെന്നുമാണ് അധികൃതര്‍ പറയുന്നത്.

അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് യു.പിയിലെ കനൗജില്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട മകന്റെ മൃതദേഹം കെട്ടിപ്പിടിച്ച് ആശുപത്രി വളപ്പിലെ നിലത്ത് കിടന്ന് വാവിട്ടുകരയുന്ന മാതാപിതാക്കളുടെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പ്രേംചന്ദ്, ആശാദേവി എന്നീ മാതാപിതാക്കളായിരുന്നു മൂന്ന് വയസുകാരനായ മകന്റെ മൃതദേഹം കെട്ടിപ്പിടിച്ച് നിലത്ത് വീണുകിടന്ന് കരഞ്ഞത്. കടുത്തപനിയുമായി ആശുപത്രിയിലെത്തിച്ച കുട്ടിയെ ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ തയ്യാറായില്ലെന്നും കാണ്‍പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more