| Tuesday, 20th January 2015, 9:34 am

ബി.ജെ.പി, ആര്‍.എസ്.എസ് പ്രചോദനം: ലങ്കയിലെ തീവ്ര ബുദ്ധമതസ്ഥര്‍ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കയിലെ തീവ്ര ബുദ്ധമതസ്ഥര്‍ ഇന്ത്യയിലെ ബി.ജെ.പി, ആര്‍.എസ്.എസ് പാര്‍ട്ടികളാല്‍ ആകര്‍ഷിക്കപ്പെട്ട് ലങ്കയില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനൊരുങ്ങുന്നു. തീവ്ര ബുദ്ധമത സംഘടനയായ ബോഡു ബാല സേനയുടെ ചീഫ് എക്‌സിക്യുട്ടീവ് ദിലന്ത വിതനെയ്ജ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോടാണു ഇക്കാര്യം പറഞ്ഞത്.

ലങ്കയില്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള തങ്ങളുടെ സംഘടന ബി.ജെ.പി, ആര്‍.എസ്.എസ് പാര്‍ട്ടികളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് വിതനെയ്ജ് പറഞ്ഞത്. ശ്രീലങ്കയില്‍ ബുദ്ധമത സംസ്‌കാരം സംരക്ഷിക്കുകയെന്നതാണു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

” മോദിയെക്കുറിച്ച് വളരെ പോസിറ്റീവായ ഒരു ധാരണ ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ ഒരു നേതാവായി ആരാധിക്കുന്നു. ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടത്തിയിട്ടുണ്ട്. ഞങ്ങളുടെ ഇന്ത്യന്‍ സംഘടനകളുമായി ഉടന്‍ തന്നെ കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തും.” അദ്ദേഹം പറഞ്ഞു.

മതതീവ്രവാദ സംഘടനയായി ബോഡു ബാല സേനയെ ചിത്രീകരിക്കുന്നത് 2002 കലാപ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി അഭിമുഖീകരിക്കേണ്ട സാഹചര്യത്തിനു സമാനമാണെന്നും വിതനെയ്ജ് പറഞ്ഞു. ” ഞങ്ങള്‍ ഒരു മതത്തിനും എതിരല്ല. ഞങ്ങള്‍ ആര്‍ക്കെതിരെയും വിദ്വേഷം വളര്‍ത്തുന്നില്ല. ഞങ്ങള്‍ വിശ്വസിക്കുന്ന ചില കാര്യങ്ങള്‍ക്കുവേണ്ടി ശക്തമായി സംസാരിക്കാറുണ്ട്, ശ്രീലങ്കയില്‍ ബുദ്ധമത മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി.” അദ്ദേഹം പറഞ്ഞു.

“ഇന്ത്യയിലും ശ്രീലങ്കയും തമ്മില്‍ ഒരുപാടു സാമ്യതകളുണ്ട്. മതപരിവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന മുസ്‌ലീങ്ങളില്‍ നിന്നും ന്യൂനപക്ഷങ്ങളില്‍ നിന്നും ഞങ്ങള്‍ ഇരുവരും ഭീഷണി നേരിടുന്നുണ്ട്. സിംഗളുടെ കുടുംബത്തില്‍ ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടാവുന്ന സമയത്ത് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് അരഡസനും അതിലധികവുമാണ് കുട്ടികള്‍. ഇത്തരം പ്രവൃത്തികള്‍ക്കു പിന്നില്‍ വിദേശപണമാണ്. അതിനെ നമ്മള്‍ പ്രതിരോധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഞങ്ങള്‍ക്ക് വലിയ പ്രചോദനമാണ്.” അദ്ദേഹം പറയുന്നത്.

2012ല്‍ ജതിക ഹേല ഉറുമയയില്‍ നിന്നും വേര്‍പ്പെട്ട ഒരു സംഘം തീവ്രബുദ്ധമതവിശ്വാസികളാണ് ബി.ബി.എസ് രൂപീകരിച്ചത്. കൊളംബോയിലാണ് ഈ സേനയുടെ ഹെഡ്ക്വാട്ടേഴ്‌സ്.

രൂപീകൃതമായി വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്തെ ക്രിസ്തുമതവിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളിലൂടെ ബി.ബി.എസ് കുപ്രസിദ്ധി നേടിയിരുന്നു. 2014 ജൂണില്‍ രണ്ട് മുസ്‌ലിം ഭൂരിപക്ഷ നഗരങ്ങളില്‍ ബി.ബി.സി സംഘര്‍ഷങ്ങളുണ്ടാക്കുകയും നാലുപേരുടെ മരണത്തിനു ഇടയാക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more