ഐ.പി.എല്ലില്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഹര്‍ദിക്ക് പാണ്ഡ്യ. ഐ.പി.എല്ലിലെ മികച്ച പ്രകടനം താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നിരുന്നു. 2021 ട്വന്റി-20 ലോകകപ്പിലായിരുന്നു താരം അവസാനമായി ഇന്ത്യക്കായി കളത്തിലറങ്ങിയത്.
എന്നാല്‍ ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സൂപ്പര്‍ ഓള്‍റൗണ്ടര്‍. തന്നെ ടീമില്‍ നിന്നും പുറത്താക്കിയതല്ല എന്നാല്‍ സ്വയം ഒഴിഞ്ഞു നിന്നതാണെന്നാണ് താരം പറയുന്നത്. പരിക്കിന്റെ പേരില്‍ താരം ഒരുപാട് കാലം ബൗള്‍ ചെയ്യാറില്ലായിരുന്നു. എന്നാല്‍ ഈ ഐ.പി.എല്ലില്‍ ബൗള്‍ ചെയ്തപ്പോഴെല്ലാം മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്.
‘ടീം ഇന്ത്യയില്‍ നിന്ന് എന്നെ ഒഴിവാക്കിയെന്നാണ് പലരും കരുതുന്നത്. പക്ഷെ ഞാന്‍ ബ്രേക്ക് എടുത്തതാണ്,അത് എന്റെ തീരുമാനമായിരുന്നു, ബ്രേക്ക് എടുത്താല്‍ എങ്ങനെ ഡ്രോപ്പ് ചെയ്യാനാണ്,’ ഹര്‍ദിക്ക് പറഞ്ഞു.
തന്നെ നീണ്ട ഇടവേളകള്‍ എടുക്കാന്‍ അനുവദിച്ച ബി.സി.സി.ഐക്ക് നന്ദി അറിയിക്കാനും ഹര്‍ദിക്ക് മറന്നില്ല. പരിക്കിന്റെ പിടിയിലായിരുന്നു താരം കുറേ കാലം. തോളിനേറ്റ പരിക്ക് ഹര്‍ദിക്കിന്റെ കളിയെ ഒരുപാട് ബാധിച്ചിട്ടുണ്ടായിരുന്നു.
ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടുനിന്ന ഹര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സും പുറത്താക്കിയിരുന്നു. എന്നാല്‍ ഗുജറാത്തിന്റെ ക്യാപ്റ്റനായി മികച്ച തിരിച്ചുവരവാണ് ഹര്‍ദിക്ക് നടത്തിയത്.
ഈ ഐ.പി.എല്‍ സീസണില്‍ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. 15 കളിയില്‍ നിന്നും 44 ശരാശരിയില്‍ നിന്നും 487 റണ്ണാണ് താരം അടിച്ചുകൂട്ടിയത്. ഗൂജറാത്ത് നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയതും ഹര്‍ദിക്ക് തന്നെയാണ്. 8 വിക്കറ്റും താരം ഈ സീസണില്‍ നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് വിക്കറ്റും ഫൈനലിലായിരുന്നു.
ഹര്‍ദിക്കിന്റെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിന് വലിയ ഊര്‍ജമാണ് നല്‍കുന്നത്. ഐ.പി.എല്ലിലെ ഫോം ഈ വര്‍ഷം നടക്കുന്ന ലോകകപ്പിലും തുടര്‍ന്നാല്‍ ലോകകപ്പില്‍ ഇന്ത്യ തേടുന്ന ‘x factor’ ആകാന്‍ ഹര്‍ദിക്കിന് സാധിക്കും.