ഓസ്‌ട്രേലിയയുമായുള്ള ടി-ട്വന്റി പരമ്പരക്ക് ശേഷം ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം നടക്കാനിരിക്കുകയാണ്. ഡിസംബര്‍ 10 മുതല്‍ പ്രോട്ടിയാസിനെതിരെ മൂന്ന് ടി-ട്വന്റി പരമ്പരകളും മൂന്ന് ഏകദിന പരമ്പരകളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ആണ് ഇന്ത്യക്കുള്ളത്. സൗത്ത് ആഫ്രിക്കക്കെതിരെയുളള മൂന്ന് ടി-ട്വന്റി മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കുമ്പോള്‍ മൂന്ന് ഏകദിന മത്സരത്തില്‍ കെ.എല്‍. രാഹുലും രണ്ട് ടെസ്റ്റ് മത്സരത്തില്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോഹ്‌ലിയും രോഹിത്തും വൈറ്റ് ബോള്‍ കളിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ 2024 ജൂണില്‍ ടി-ട്വന്റി ലോകകപ്പ് നടക്കാനിരിക്കവെ രോഹിതും കോഹ്‌ലിയും വൈറ്റ് ബോളില്‍ നിന്ന് മാറിനില്‍ക്കുന്നത് നല്ലതല്ലെന്ന അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മറ്റൊരു വിഷയം ഹര്‍ദിക് പാണ്ഡ്യയുടെതാണ്. ലോകകപ്പില്‍ പരിക്ക് പറ്റി പുറത്തായ ഹര്‍ദിക് ഇതുവരെ തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞിട്ടില്ല. അതിനാല്‍ ടി-ട്വന്റി ലോകകപ്പ് രോഹിത് തന്ന നയിക്കേണ്ടി വരും. ഇതേക്കുറിച്ച് ആശിഷ് നെഹ്‌റ സംസാരിക്കുകയുണ്ടായിരുന്നു.
‘വിരാട് കോഹ്‌ലിയും രോഹിതും ഫിറ്റാണെങ്കില്‍ നമ്മള്‍ അവരെ കുറിച്ച് സംസാരിക്കേണ്ട ആവിശ്യമില്ല. അതിനാല്‍ യു.എസ്.എയിലും കരീബിയനിലും അവര്‍ എത്തുമെന്നത് തീര്‍ച്ചയാണ്,’ നെഹ്‌റ ജിയോ സിനിമയില്‍ പറഞ്ഞു.
പരിക്കിനെ തുടര്‍ന്ന് മാറി നില്‍ക്കുന്ന ഹര്‍ദിക്കിന്റെ വിടവും നെഹ്‌റ എടുത്തുപറഞ്ഞു.
‘ക്യാപ്റ്റന്‍സിയില്‍ എന്ത് ചെയ്യുമെന്ന് എനിക്ക് മനസ്സിലാവുന്നില്ല, ഇനിയും സമയമുണ്ട്. എന്നാലും സെലക്ടര്‍മാര്‍ക്ക് ഇത് വലിയ വെല്ലുവിളിതന്നെയായിരിക്കും. പക്ഷെ ഹര്‍ദിക് ടീമിലേക്ക് തിരിച്ചുവന്നാല്‍ കാര്യങ്ങളെല്ലാം മെച്ചപ്പെടും. എന്നാല്‍ ഹര്‍ദിക് നേരിട്ട് ഐ.പി.എല്ലിലാണ് തിരിച്ചുവരുന്നതെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി പ്രതിസന്ധിയിലാകും,’ നെഹ്‌റ പറഞ്ഞു.
Content Highlight: Hardik’s case is in doubt