അഹമ്മദാബാദ്: ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയിലേക്ക് സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍. പാര്‍ട്ടിയ്ക്ക് വേണ്ടി കഠിനാധ്വാനം നടത്തിയിട്ടും ബി.ജെ.പി പരിഗണിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് തങ്ങള്‍ക്കൊപ്പം ചേരാമെന്ന് ഹാര്‍ദിക് പറഞ്ഞു.
മുതിര്‍ന്ന നേതാവായ നിതിന്‍ പട്ടേലിനെ ബി.ജെ.പി ബഹുമാനിക്കുന്നില്ലെന്നും ഹാര്‍ദിക് പറഞ്ഞു. അദ്ദേഹത്തിന് എല്ലാവരും പിന്തുണ നല്‍കണമെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ധനകാര്യം, നഗരവികസനം, പെട്രോളിയം എന്നീ മൂന്ന് പ്രധാന സ്ഥാനങ്ങളില്‍ നിന്ന് നിതിന്‍ പട്ടേലിനെ മാറ്റിയിരുന്നു. മറ്റ് മന്ത്രിമാര്‍ക്ക് ഓഫീസ് അനുവദിച്ചിട്ടും ഗാന്ധിനഗറില്‍ നിതിന്‍ പട്ടേലിന് ഓഫീസ് അനുവദിക്കുകയും ചെയ്തിരുന്നില്ല.
മാത്രമല്ല ഇതുവരെയും നിതിന്‍ ഓഫീസിലെത്തി ചുമതലയേറ്റെടുത്തിട്ടില്ല. നിതിന്‍ പട്ടേലിനൊപ്പം 10 എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഹാര്‍ദിക് പറയുന്നു.
“അവരെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അവരെ സ്വാഗതം ചെയ്യാനും ഉചിതമായ സ്ഥാനങ്ങള്‍ നല്‍കാനും കോണ്‍ഗ്രസിനോട് ആവശ്യപ്പെടും.”
അതേസമയം നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഭരത് സിന്‍ഹ് സോളങ്കി പറഞ്ഞു. നിതിന്‍ പട്ടേലിന്റെയും കുറച്ച് എം.എം.എമാരുടെയും പിന്തുണയുണ്ടെങ്കില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സോളങ്കി കൂട്ടിച്ചേര്‍ത്തു.