അഹമ്മദാബാദ്: പട്ടീദാര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സംവരണമാവശ്യപ്പെട്ട് കൊണ്ടുള്ള സമരം ശക്തിപ്പെടുത്താന്‍ ഹര്‍ദ്ദിക് പട്ടേല്‍. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സമരം ശക്തപ്പെടുത്താനുള്ള ഉദ്ദേശത്തോടെ പട്ടിദാര്‍ ന്യായ് പഞ്ചായത്ത് വിളിച്ചു ചേര്‍ത്തത്.
കോണ്‍ഗ്രസില്‍ നിന്ന് 12 എം.എല്‍.എമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ ബി.ജെ.പിയില്‍ നിന്നുള്ള 24 പട്ടീദാര്‍ എം.എല്‍.എമാരെ ക്ഷണിച്ചെങ്കിലും, ആരും വന്നില്ലെന്ന് ഹര്‍ദ്ദിക് പറഞ്ഞു.
“പട്ടീദാര്‍ വിഭാഗത്തിലുള്ള എല്ലാ എം.എല്‍.എമാരെയും ക്ഷണിച്ചിട്ടാണ് ഞങ്ങള്‍ ഈ പരിപാടി സംഘടിപ്പിച്ചത്. സര്‍ദാര്‍ പട്ടേലിന്റെ കോണ്‍ഗ്രസില്‍ നിന്ന് 12 പേര്‍ വന്നു. എന്നാല്‍ അമിത് ഷായുടെ പാര്‍ട്ടിയില്‍ നിന്ന് ആരും എത്തിയില്ല.” – ഹര്‍ദ്ദിക് പറഞ്ഞു.
ജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും വേണമെങ്കില്‍ ജയിലില്‍ പോവാനും തയ്യാറാണെന്നും ഹര്‍ദ്ദിക് അറിയിച്ചു. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് രണ്ട് കേസുകളും സംഘര്‍ഷമുണ്ടാക്കിയതിന് മറ്റ് കേസുകളും നിലവില്‍ ഹര്‍ദ്ദിക്കിനെതിരെയുണ്ട്. “ഞങ്ങള്‍ സ്വര്‍ണ ബിസ്‌ക്കറ്റിനാണോ ചോദിക്കുന്നത്? അഡ്മിഷനും ജോലിയും മാത്രമാണ് ആവശ്യപ്പെടുന്നത്. ആയിരങ്ങളെ കൊന്ന് തള്ളിയവര്‍ക്കെതിരെയാണ് ഞങ്ങളുടെ സമരം.” – ഹര്‍ദ്ദിക് പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളോട്, നിങ്ങളാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും നിയമസഭയില്‍ ഞങ്ങളുടെ ശബ്ദമാവേണ്ടവരാണെന്നും ഹര്‍ദ്ദിക് പറഞ്ഞു. ഇന്ന് നിങ്ങള്‍ 14 ആണ് (പട്ടീദാര്‍ എം.എല്‍.എ), നാളെ നിങ്ങള്‍ 32 ആവും. പക്ഷേ നിങ്ങള്‍ സമുദായത്തെ പിന്തുണച്ചില്ലെങ്കില്‍ സമുദായം നിങ്ങളെയും പിന്തുണക്കില്ല, ഹര്‍ദ്ദിക് മുന്നറിയിപ്പ് നല്‍കി.