| Thursday, 16th November 2017, 11:14 am

നവംബര്‍ 18ന് ബി.ജെ.പിയ്‌ക്കെതിരെ ഗുജറാത്തില്‍ 'വലിയൊരു ബോംബ് പൊട്ടിക്കുമെന്ന്' ഹാര്‍ദിക് പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നവംബര്‍ 18ന് ഗുജറാത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുമെന്ന് പടിതാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗാന്ധിനഗര്‍ ജില്ലയിലെ മാന്‍സ നഗരത്തില്‍ നടത്താനിരിക്കുന്ന റാലിയില്‍ വെച്ചാണ് “ഈ ബോംബ് പൊട്ടിക്കുക”യെന്നും ഹാര്‍ദിക് പട്ടേല്‍ ഡി.എന്‍.എയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

“ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുതന്നെയാണ്. അണുകിടപോലും വ്യതിചലിക്കില്ല. വരുംഭാവിയില്‍ നിരവധി റാലികള്‍ ഞാന്‍ സംഘടിപ്പിക്കും. മാന്‍സയിലെ റായില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തും. അതിനെക്കുറിച്ച് ഞാനിപ്പോള്‍ പറയുന്നില്ല, പക്ഷേ അതൊരു വലിയ സ്‌ഫോടനത്തിന്റെ രൂപത്തിലുള്ളതായിരിക്കും.” ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ പൂര്‍വ്വികരുടെ നാടായ മാന്‍സയാണ് ബി.ജെ.പിയ്‌ക്കെതിരെ തിരിച്ചടിക്കാന്‍ ഹാര്‍ദിക് പട്ടേല്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മാന്‍സയിലെ റാലിയില്‍ ഗാന്ധിനഗര്‍, സബര്‍കന്ത, ആരവല്ലി എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ റാലിയില്‍ അണിനിരക്കുമെന്നും ഹാര്‍ദിക് അറിയിച്ചു.


Also Read: നിയമസഭാ സമ്മേളനം ‘കട്ട്’ ചെയ്ത് എം.എല്‍.എ പോയത് ഡാന്‍സ് കളിക്കാന്‍, വീഡിയോ


“ഇതേതരത്തിലുള്ള റാലികള്‍ കുറേയേറെ സംഘടിപ്പിക്കും. ഒരു ഘട്ടത്തിലും ആവേശം തണുക്കില്ല. ചൊവ്വാഴ്ച വൈകുന്നേരം ബരൂചില്‍ ഞാനൊരു റാലിയെ അഭിസംബോധന ചെയ്തിരുന്നു. നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്.” ഹാര്‍ദിക് വ്യക്തമാക്കി.

അടുത്തിടെ ഹാര്‍ദിക്കിനെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തുന്ന വീഡിയോ ബി.ജെ.പി പുറത്തുവിട്ടിരുന്നു. വീഡിയോ വ്യാജമാണെന്ന് ഹാര്‍ദിക് പറഞ്ഞിരുന്നു. ഈ സംഭവത്തിനു ശേഷം പട്ടേല്‍ സമുദായത്തില്‍ നിന്നും വലിയ പിന്തുണയാണ് ഹാര്‍ദിക്കിന് ലഭിക്കുന്നത്. പടിതാര്‍ സമരത്തോടുള്ള വിദ്വേഷത്തിന്റെ ഭാഗമാണ് ഈ വീഡിയോയെന്നാണ് പട്ടേല്‍ നേതാക്കള്‍ പറയുന്നത്. അതേസമയം ഗ്രാമീണ മേഖലയിലെ പട്ടേല്‍ സമുദായത്തില്‍ ഹാര്‍ദികിനോട് എതിര്‍പ്പ് സൃഷ്ടിക്കാന്‍ ഈ വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

താന്‍ തെറ്റു ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അവസരം ലഭിക്കുമ്പോള്‍ തന്നെ തല്ലിക്കൊല്ലാമെന്നാണ് കഴിഞ്ഞ ദിവസം ബുറിച്ചിലെ റാലിയെ അഭിസംബോധന ചെയ്ത് ഹാര്‍ദിക് പറഞ്ഞത്. കര്‍ഷകരുടെയും യുവാക്കളുടെയും ഭാവിയാണ് പ്രശ്‌നം. എന്തുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ ഇടപെടാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more