| Friday, 19th April 2019, 12:45 pm

തന്നെകൊല്ലാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുന്നു; താന്‍ നോക്കിയിരിക്കില്ല; മര്‍ദ്ദനമേറ്റതിനു പിന്നാലെ ഹാര്‍ദിക് പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: തന്നെ കൊലപ്പെടുത്താന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. സുരേന്ദ്രനഗറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുവേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഹാര്‍ദിക്കിന് മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പി ഞാന്‍ മരിച്ചു കാണാന്‍ ആഗ്രഹിക്കുന്നു. അവര്‍ എനിക്കെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. പക്ഷേ ഞാന്‍ മിണ്ടാതിരിക്കില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അക്രമിയ്‌ക്കെതിരെ ഹാര്‍ദിക് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

സുരേന്ദ്രനഗറിലെ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലേക്ക് ഓടിയെത്തിയ ഒരാള്‍ ഹാര്‍ദിക്കിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഹാര്‍ദിക്കിന്റെ അനുയായികള്‍ അയാളെ പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

അക്രമിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയില്‍ ഹാര്‍ദിക് പട്ടേലിന്റെ ഹെലികോപ്റ്ററിന് ഇറങ്ങുവാന്‍ തന്റെ ഭൂമി വിട്ടുതരില്ലെന്ന് കര്‍ഷകര്‍ നിലപാടെടുത്തിരുന്നു. ഇതോടെ മഹിസാഗര്‍ ജില്ലയിലേക്ക് ഹെലികോപ്റ്റര്‍ വഴിയുള്ള യാത്ര ഹാര്‍ദിക് പട്ടേലിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

സംവരണ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ മേല്‍ കയറി നിന്ന് രാഷ്ട്രീയം കളിക്കുകയാണ് ഹാര്‍ദിക് എന്നു പറഞ്ഞായിരുന്നു കര്‍ഷകന്റെ പ്രതിഷേധം. കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ സ്റ്റാര്‍ കാമ്പെയ്‌നറായിരുന്നു ഹാര്‍ദിക്.

We use cookies to give you the best possible experience. Learn more