| Tuesday, 24th May 2022, 8:05 pm

കോണ്‍ഗ്രസിന് ശ്രീരാമനോട് ശത്രുത; അവര്‍ ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കുന്നു: ഹാര്‍ദിക് പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭരത് സിന്‍ഹ് സോളങ്കിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുവനേതാവ് ഹാര്‍ദിക് പട്ടേല്‍. കോണ്‍ഗ്രസ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനും ശ്രമിക്കുന്നുവെന്ന് ഹാര്‍ദിക് ആരോപിച്ചു.

‘ഹിന്ദു മതവിശ്വാസത്തെ തകര്‍ക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ന് ഒരു മുന്‍ കേന്ദ്രമന്ത്രിയും ഗുജറാത്ത് കോണ്‍ഗ്രസ് നേതാവും രാമക്ഷേത്രത്തിനുള്ള ഇഷ്ടികയില്‍ നായ്ക്കള്‍ മൂത്രമൊഴിക്കുന്നു എന്ന് പറഞ്ഞത് അതിനുള്ള തെളിവാണ്.

കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും ശ്രീരാമനുമായി എന്ത് ശത്രുതയാണെന്ന് ചോദിക്കണം. എന്തുകൊണ്ടാണ് ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നത്? നൂറ്റാണ്ടുകള്‍ക്ക് ശേഷം അയോധ്യയില്‍ ശ്രീരാമന്റെ ക്ഷേത്രം പണിയുന്നു. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ ഭഗവാന്‍ ശ്രീരാമനെതിരെ പ്രസ്താവനകള്‍ തുടരുകയാണെന്നും ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു.

രാമന്റെ പേരില്‍ ബി.ജെ.പി കോടികള്‍ പിരിച്ചെടുക്കുകയാണെന്നും പണത്തിന്റെ കണക്കൊന്നും നല്‍കുന്നില്ലെന്നും ഭരത് സിന്‍ഹ് സോളങ്കി ആരോപിച്ചിരുന്നു.

നിര്‍മാണം നടക്കാത്തതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി എത്തിച്ച ശിലകളില്‍ നായ്ക്കള്‍ മൂത്രമൊഴിക്കുന്ന അവസ്ഥയാണെന്നും സോളങ്കി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കെയാണ് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്.

Content Highlights: Hardik Patel responds to Bharat Singh Solanki statement

We use cookies to give you the best possible experience. Learn more