ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയേക്കുമെന്ന സൂചന ശക്തിപ്പെടുത്തി ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ബയോയില്‍ നിന്നും പാര്‍ട്ടിയുടെ പേര് മാറ്റുകയും കൈപ്പത്തി ചിഹ്നം നീക്കം ചെയ്യുകയും ചെയ്തു.
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹാര്‍ദിക് പാര്‍ട്ടി വിട്ടേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അദ്ദേഹം ട്വിറ്ററില്‍ നിന്നും വാട്‌സ് ആപ്പില്‍ നിന്നുമൊക്കെ പാര്‍ട്ടിയുടെ പേര് എടുത്തുകളഞ്ഞത്.
ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ ഗുജറാത്ത് ഹാര്‍ദിക് പട്ടേല്‍, താന്‍ കോണ്‍ഗ്രസില്‍ തുടരുമെന്ന് ഉറപ്പാക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ‘ഞാന്‍ ഇപ്പോള്‍ കോണ്‍ഗ്രസിലാണ്. ഞാന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരാന്‍ കേന്ദ്ര നേതാക്കള്‍ വഴി കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹാര്‍ദിക് കോണ്‍ഗ്രസ് വിടണമെന്ന് ആഗ്രഹിക്കുന്ന വേറെയും ചിലരുണ്ട്. അവര്‍ എന്റെ മനോവീര്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്.
സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തന്നോട് ആലോചിക്കാറില്ലെന്നും ഹാര്‍ദിക് പട്ടേല്‍ നേരത്തേ ആരോപിച്ചിരുന്നു. വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോണ്‍ഗ്രസില്‍ തന്റെതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പിന്നാലെ ബി.ജെ.പിയെ പ്രശംസിച്ച് ഹാര്‍ദിക് രംഗത്തുവന്നിരുന്നു.
Content Highlights: Hardik Patel removes Congress from Twitter bio amid exit rumours