അഹമ്മദാബാദ്: ആസന്നമായ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് പട്ടേല്‍ സമുദായ പ്രക്ഷോഭ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. പട്ടേല്‍ സമുദായത്തെ പരസ്യമായി തന്നെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതിനാലാണ് ഹാര്‍ദ്ദിക് പട്ടേല്‍ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി ഹാര്‍ദ്ദികും കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. തങ്ങളുടെ ആവശ്യങ്ങളും സംവരണവുമൊക്കെ കോണ്‍ഗ്രസ് പരിഗണിക്കണമെന്നും ഈ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു ഹാര്‍ദ്ദികിന്റെ ആവശ്യം. അതില്‍ വ്യക്തത വരുന്നതു വരെ പിന്തുണ പ്രഖ്യാപിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
കോണ്‍ഗ്രസ് ഹാര്‍ദ്ദികിന്റെ ആവശ്യത്തെ അംഗീകരിച്ചോ ഇല്ലയോ എന്നത് വ്യക്തമല്ല. പക്ഷെ, സൗരാഷ്ട്രയിലെ റാലിയ്ക്ക് ശേഷം അഹമ്മദാബാദില്‍ മടങ്ങിയെത്തിയ ഹാര്‍ദ്ദിക് പിന്തുണ വ്യക്തമാക്കുകയായിരുന്നു. ” ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴയിറക്കാന്‍ വോട്ട് ചെയ്യണമെന്ന് ഞാനെന്റെ ജനങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുകയാണ്. സമുദായം ബി.ജെ.പിയുടെ വീഴ്ച്ചയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു.” പട്ടേല്‍ പറയുന്നു.
” ആളുകള്‍ ബുദ്ധിയുള്ളവരാണ്. ബി.ജെ.പിയെ താഴെയിറക്കണമെന്ന് പറയുമ്പോള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ക്ക് വ്യക്തമായി തന്നെ അറിയാം.” എന്നായിരുന്നു കോണ്‍ഗ്രസിന് പിന്തുണ നല്‍കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.