ന്യൂദല്‍ഹി: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലും നിയമസഭയിലും പുനസംഘടനയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്. ഇതിനായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ ചര്‍ച്ച നടത്തി.
ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റായ ഹര്‍ദിക് പട്ടേലും സ്വതന്ത്ര എം.എല്‍.എയായ ജിഗ്നേഷ് മേവാനിയുമടക്കമുള്ള 15 അംഗ സംഘമാണ് രാഹുലിനെ കണ്ടത്.
പുതിയ സംസ്ഥാന അധ്യക്ഷനേയും നിയമസഭാ കക്ഷി നേതാവിനേയും ഉടന്‍ തെരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുസ്ഥാനത്തേക്കും ഹര്‍ദിക്കിനും മേവാനിയ്ക്കുമാണ് സാധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവായ ശക്തികാന്ത് ഗോഹിലിന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്.
ഹര്‍ദിക്കും മേവാനിയും ദല്‍ഹിയിലെത്തി രാഹുലിനെ കണ്ടശേഷം പാട്‌നയിലേക്ക് പോയിട്ടുണ്ട്. ബീഹാറില്‍ കനയ്യ കുമാര്‍ നയിക്കുന്ന റാലിയില്‍ ഇരുവരും പങ്കെടുക്കും.
അടുത്തിടെയാണ് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന കനയ്യ കുമാറും ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എയായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കഴിഞ്ഞ ആറ് മാസമായി ഗുജറാത്തില്‍ കോണ്‍ഗ്രസിന് അധ്യക്ഷനോ പ്രതിപക്ഷ നേതാവോ ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് പ്രസ്തുത സ്ഥാനത്ത് നിന്ന് അമിത് ചാവ്ഡയും പരേഷ് ധനനിയും രാജിവെച്ചിരുന്നു.
ഗാന്ധിനഗര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തോറ്റമ്പിയിരുന്നു. 44 ല്‍ രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.