പട്ടേലുകളെ കണ്ണുപൊട്ടന്മാരാക്കാന്‍ ഹിന്ദുത്വത്തിന് ഇനി സാധിക്കില്ല. തെരഞ്ഞെടുപ്പ് എന്നത് ഹിന്ദു-മുസ്‌ലിം പോരാട്ടം അല്ലെന്നും മറിച്ച് നല്ലഭരണവും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കലുമൊക്കെയാണെന്ന് പട്ടേലുകള്‍ മനസിലാക്കിയിട്ടുണ്ട്.
പട്ടേല്‍ സംവരണ പ്രക്ഷോഭത്തിലൂടെ ബി.ജെ.പിയുടെ കണ്ണിലെ കരടായ നേതാവാണ് ഹാര്‍ദിക് പട്ടേല്‍. ഒരു കാലത്ത് നിര്‍ണായക വോട്ടുബാങ്കായിരുന്ന പട്ടേല്‍ സമുദായത്തെ തങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ നടത്തിയ ശ്രമങ്ങളാണ് ബി.ജെ.പിക്ക് ഹാര്‍ദിക് അനഭിമതനാകാന്‍ കാരണം. ഗുജറാത്തില്‍ ഒരിക്കല്‍ കൂടെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹാര്‍ദികിന്റെ നിലപാടുകള്‍ പ്രധാനമാണ്.
• അടുത്ത ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ പദ്ധതികള്‍ എന്തൊക്കെയാണ് ?
ബി.ജെ.പിയെ പരാജയപ്പെടുത്തുക ഇതിലൂടെ മോദിയെ ഒരു പാഠം പഠിപ്പിക്കുക ഈ ഒറ്റ അജണ്ട മാത്രമാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. ഗുജറാത്തിലെ 182 മണ്ഡലങ്ങളില്‍ 50 എണ്ണത്തില്‍ പട്ടീദര്‍ സമുദായക്കാര്‍ക്ക് ജയിക്കാന്‍ കഴിയും. നിലവില്‍ ഈ സീറ്റുകളില്‍ ഭൂരിപക്ഷവും ബി.ജെ.പിയുടെ കൈകളിലാണ്. ഇവിടെയെല്ലാം ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇവയ്ക്ക് പുറമെ ഞങ്ങള്‍ക്ക് സ്വാധീനമുള്ള 30 മണ്ഡലങ്ങളിലും ഇതിനായി പ്രവര്‍ത്തിക്കും.
• പട്ടേല്‍ സമുദായത്തിന് മേല്‍ നിങ്ങള്‍ക്ക് ഒരു സ്വാധീനവുമില്ലെന്നാണ് ബി.ജെ.പി നേതാക്കള്‍ കരുതുന്നത് ?
പട്ടേലുകള്‍ക്കിടയിലെ ബി.ജെ.പി വിരുദ്ധ വികാരം എത്രത്തോളമുണ്ടെന്ന് ബി.ജെ.പിക്ക് അറിയില്ലെന്നതാണ് വസ്തുത. പട്ടീദരുടെ പിന്തുണ നേടാനായി ബി.ജെ.പി അവിഹിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ്. എന്നാല്‍ കണ്ണുംപൂട്ടിയുള്ള പിന്തുണയുടെ കാലം കഴിഞ്ഞുവെന്ന് അവര് മനസിലാക്കിയിട്ടില്ല. അവരെ ബി.ജെ.പി പിന്നില്‍ നിന്നും കുത്തിയിരിക്കുകയാണ്. പട്ടേലുകളുടെ പിന്തുണയില്ലാത്തത് കൊണ്ട് ചുരുങ്ങിയത് 5000 ഗ്രാമങ്ങളിലെങ്കിലും ബി.ജെ.പിക്ക് പൊതുപരിപാടി സംഘടിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.
• ബി.ജെ.പിയുമായുള്ള ദീര്‍ഘകാലത്തെ അടുപ്പം പട്ടേല്‍സമുദായക്കാരെ ഗുജറാത്തില്‍ “ഹിന്ദുത്വ”വുമായി അടുപ്പിച്ചിട്ടുണ്ട്. ഹിന്ദുത്വ ആശയം മുന്നോട്ടുവെക്കുന്ന ഏകപാര്‍ട്ടി എന്നതിനാല്‍ ബി.ജെ.പിക്ക് മാത്രമല്ലേ നിങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ സാധിക്കുകയുള്ളൂ ?
സാഹചര്യം മാറുന്നതിനനുസരിച്ച് നിലപാടിലും മാറ്റം വരും. ഹിന്ദുത്വത്തിന്റെ ആശയപ്രചാരകരായല്ല ബി.ജെ.പിയെ ഇന്ന് പട്ടേലുകള്‍ കാണുന്നത്. ചൂഷണം ചെയ്യുകയും അടിച്ചമര്‍ത്തുകയും ചെയ്ത മര്‍ദ്ദകരായാണ് ബി.ജെ.പിയെ ഇന്നവര്‍ കാണുന്നത്.
2002ലേത് ഹിന്ദുക്കളും മുസ്‌ലിംങ്ങളും തമ്മിലുള്ള കലാപമായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് കൂടുതലും പട്ടേലുകള്‍ മാത്രം ജയിലില്‍ കിടക്കുന്നത്. കലാപകേസില്‍ ജയിലില്‍ കഴിയുന്ന 147 പട്ടീദര്‍ സമുദായക്കാര്‍ക്ക് ഹിന്ദുത്വം എന്താണ് ചെയ്തത്. എന്തുകൊണ്ടാണ് ഭൂരിപക്ഷം പട്ടേല്‍ യുവാക്കള്‍ തൊഴിലില്ലാത്തവരും കര്‍ഷകര്‍ കഷ്ടപ്പെടുകയും ചെയ്യുന്നത്. ബി.ജെ.പി പദ്ധതിയിട്ടതിന് അനുസരിച്ചായിരുന്നു അവര്‍ കാര്യങ്ങളെ കണ്ടത്.
പട്ടേലുകളെ കണ്ണുപൊട്ടന്മാരാക്കാന്‍ ഹിന്ദുത്വത്തിന് ഇനി സാധിക്കില്ല. തെരഞ്ഞെടുപ്പ് എന്നത് ഹിന്ദു-മുസ്‌ലിം പോരാട്ടം അല്ലെന്നും മറിച്ച് നല്ലഭരണവും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കലുമൊക്കെയാണെന്ന് പട്ടേലുകള്‍ മനസിലാക്കിയിട്ടുണ്ട്.
• അമിത് ഷാ പറഞ്ഞത് ബി.ജെ.പി ഇത്തവണ ഗുജറാത്തില്‍ 150 സീറ്റുകള്‍ കൂടി നേടുമെന്നാണ്
അമിത് ഷാ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. മായക്കാഴ്ച കാണിച്ച് ഗുജറാത്തിലെ വോട്ടര്‍മാരെ പറ്റിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയില്ല. അത്രയ്ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കില്‍ യു.പിയിലെ വിജയത്തിന് ശേഷം ഗുജറാത്ത് എന്തുകൊണ്ട് തെരഞ്ഞടുപ്പിലേക്ക് പോയില്ല. ബി.ജെ.പിയെ സംബന്ധിച്ചെടുത്തോളം ഏറ്റവും നല്ല അവസരമായിരുന്നില്ലേ അത്. തെരഞ്ഞെടുപ്പ് നടക്കുന്ന നിമിഷം അമിത് ഷാ ആരാണെന്ന് തുറന്ന് കാണിക്കപ്പെടും എന്നതാണ് വസ്തുത.
തോല്‍ക്കുമെന്ന് പേടിച്ചിട്ടാണ് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത്. നല്ല ആത്മവിശ്വാസത്തോടെ തന്നെ ഞാന്‍ നിങ്ങളോട് പറയുകയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഓര്‍മിക്കപ്പെടും.
• കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നാണോ ?
ഞാന്‍ എപ്പോഴെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ ? മോദിയെ തോല്‍പ്പിക്കണമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. മോദിയെ പാഠം പഠിപ്പിക്കണമെന്നത് മാത്രമാണ് പട്ടേലുകള്‍ക്ക് അറിയുന്നത്. അത് കോണ്‍ഗ്രസിനെ ജയിപ്പിക്കുമെങ്കില്‍ അങ്ങനെ ആവട്ടെ. പട്ടേലുകള്‍ മോദിയെ പാഠം പഠിപ്പിക്കുമെന്നുള്ളത് കൊണ്ട് കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും. ഇത് മോദിയുടെ അവസാനത്തിന്റെ തുടക്കമാകും.
ഗുജറാത്താണ് മോദിയുടെ ആണിക്കല്ല്. ഗുജറാത്തില്‍ ശക്തനായി ഇരിക്കുന്നിടത്തോളം മോദിയെ ദേശീയ തലത്തില്‍ തോല്‍പ്പിക്കാന്‍ കഴിയില്ല.
• താങ്കള്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ ?
എനിക്ക് 24 വയസ് മാത്രമാണ് പ്രായം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 25 വയസാകണം. ഇപ്പോള്‍ കര്‍ഷകരെയും യുവാക്കളെയുമെല്ലാം സംഘടിപ്പിക്കുക മാത്രമാണ് ലക്ഷ്യം.
• പട്ടേലുകളുടെ നേതാവാകുക മാത്രമാണോ നിങ്ങളുടെ ലക്ഷ്യം
പട്ടേലുകളെ മാത്രം ബാധിക്കുന്ന പ്രശ്‌നങ്ങളല്ല ഞങ്ങള്‍ ഉന്നയിക്കുന്നത്. പ്രക്ഷോഭം തുടങ്ങിയ സമയത്ത് പട്ടേല്‍സംവരണംമാത്രമാണ് ഞങ്ങള്‍ ഉയര്‍ത്തിയിരുന്നത്. പക്ഷെ വിവിധ ജാതി നേതാക്കളടക്കമുള്ളവരെ കാണാന്‍ ഞാന്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ഞങ്ങള്‍ ഉന്നയിക്കുന്നത് പ്രധാനമായും നാല് ആവശ്യങ്ങളാണ്. യുവാക്കള്‍ക്ക് തൊഴില്‍, കര്‍ഷകര്‍ക്ക് നീതി, സ്ത്രീകള്‍ക്ക് സുരക്ഷ, പട്ടേലുകള്‍ക്ക് ഒ.ബി.സി പദവി. അവസാന ആവശ്യം ഒഴികെ മറ്റുള്ളവയെല്ലാം എല്ലാ വിഭാഗക്കാരെയും ബാധിക്കുന്നതാണ്. ഈ വിഷയങ്ങളായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുക. അല്ലാതെ ബി.ജെ.പി വിലയിരുത്തുന്നത് പോലെ ഹിന്ദു-മുസ്‌ലിം പോരാട്ടമായിരിക്കില്ല.
കടപ്പാട്: സ്‌ക്രോള്‍
മൊഴിമാറ്റം: അനസ്