അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് ലൈവിന്റെ പ്രേക്ഷകരുടെ എണ്ണത്തിലും വന്‍ ഇടിവ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഐആം ഗുജറാത്ത് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടു.
അതേ സമയം പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ഫേസ്ബുക്ക് ലൈവ് മോദിയേക്കാള്‍ രണ്ടു മടങ്ങ് ആളുകളാണ് കണ്ടത്. നേരത്തെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ആളുകള്‍ കുറഞ്ഞതും ഇറങ്ങിപ്പോകുന്നതും വാര്‍ത്തയായിരുന്നു.
മോദിയെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പി ഗുജറാത്തില്‍ പ്രചരണം നടത്തുന്നത്. അമിത് ഷായുടെ ഗുജറാത്തിലെ പ്രചരണം തുടങ്ങിയത് മോദിയുടെ മന്‍ കി ബാതോടുകൂടിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന ഹാര്‍ദികിന് സംസ്ഥാനത്ത് മികച്ച സ്വീകാര്യതയാണുള്ളത്.
വിവാദ സിഡികള്‍ പുറത്തെത്തിച്ച് ഹാര്‍ദികിനെ പ്രതിരോധിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും അതൊക്കെ വിഫലമായി. ബി.ജെ.പിയുടെ കപടമുഖം വെളിവാക്കാന്‍ അവര്‍ തന്നെ വ്യാജസിഡികളുണ്ടാക്കി വിതരണം ചെയ്യുന്നു എന്ന ഹാര്‍ദികിന്റെ വാക്കുകള്‍ ജനം ഏറ്റെടുത്തു.
ഞാനെന്റെ റാലികള്‍ക്ക് ബസ്സിലോ മറ്റ് വാഹനങ്ങളിലോ ശ്രേതാക്കളെ കൊണ്ടുവരാറില്ലെന്നും എന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് അവരെത്തുന്നതെന്നുമാണ് ഹാര്‍ദികിന്റെ പ്രതികരണം.
ഇതുവരെയുള്ള ഫേസ്ബുക്ക് ലൈവുകളുടെ കണക്കെടുത്താല്‍ ഹാര്‍ദികിന്റെ പ്രസംഗം കണ്ടവരുടെ എണ്ണം 33.24 ലക്ഷമാണ്. നരേന്ദ്രമോദി പങ്കെടുത്ത പരിപാടികളുടെ ലൈവ് ഗുജറാത്ത് ബി.ജെ.പി ഫേസ്ബുക്ക് പേജിലൂടെ കണ്ടവരുടെ എണ്ണം 10.09 ലക്ഷം മാത്രവും.