അഹമ്മദാബാദ്: അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. അനിശ്ചിതകാല നിരാഹാര സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഹാര്‍ദികിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഹാര്‍ദികിനെ പൊലീസാണ് അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
പട്ടേലുമാര്‍ക്ക് സംവരണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, പട്ടേല്‍ സംവരണ സമരസമിതി (പാസ്) നേതാവ് അല്‍പ്പേഷ് കട്ടാരിയയുടെ ജയില്‍മോചനം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹാര്‍ദിക് ഓഗസ്റ്റ് 25ന് നിരാഹാരം തുടങ്ങിയത്. പിന്തുണയുമായി കോണ്‍ഗ്രസും രംഗത്തുണ്ട്. വിവിധ പട്ടേല്‍ സമുദായസംഘടനാ നേതാക്കള്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഊര്‍ജമന്ത്രി സൗരഭ് പട്ടേലുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. ഈ മധ്യസ്ഥതയ്ക്കുപിന്നില്‍ ബി.ജെ.പി.യാണെന്ന് പാസ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്. സര്‍ക്കാര്‍ നേരിട്ട് നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം.
ഹാര്‍ദിക് പട്ടേലിന്റെ നിരാഹാരം 13 ദിവസം പിന്നിട്ടിരിക്കെ, ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന് പിന്തുണയുമായി പട്ടേല്‍വിഭാഗക്കാര്‍ തെരുവിലിറങ്ങി. മെഹസാനയില്‍ ബസ്സിനുനേരെ കല്ലേറുണ്ടായി. പാഠന്‍ പട്ടണത്തില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിച്ചു.കോണ്‍ഗ്രസ് പിന്തുണയോടെ കര്‍ഷകരും പലയിടങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. പ്രകടനങ്ങള്‍ക്ക് അനുമതി നല്‍കാത്ത പോലീസ് സമരക്കാരെ അപ്പോള്‍തന്നെ അറസ്റ്റ് ചെയ്തുനീക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് പ്രതിപക്ഷനേതാവ് പരേശ് ധാനാണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം മുഖ്യമന്ത്രി വിജയ് രൂപാണിയെ കണ്ടത്. ഇവരുടെ നിവേദനം സ്വീകരിച്ചതല്ലാതെ ഉറപ്പുകളൊന്നും മുഖ്യമന്ത്രി നല്‍കിയിട്ടില്ല. പട്ടേലുമാരുടെ സംവരണ പ്രശ്നത്തേക്കാള്‍ കാര്‍ഷിക പ്രശ്നങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിനിറങ്ങുന്നത്.