അഹമ്മദാബാദ്: ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന്റെ ഫലമാണ് ഗുജറാത്തില്‍ കാണാനായതെന്ന് പാട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. സംസ്ഥാനത്ത് ബി.ജെ.പിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഗുജറാത്തിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുമായി ഗുജറാത്തില്‍ ബി.ജെ.പിക്ക് ഒരു മത്സരവും ഉണ്ടായിരുന്നില്ലെന്നും സംസ്ഥാനത്തെ പാര്‍ട്ടിയുടെ വികസന നയം വിജയിച്ചെന്നും ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ടെന്നും മികച്ച ഭരണം ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചെന്നും ഹാര്‍ദിക് പറഞ്ഞു.
‘അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മണ്ഡലത്തിന്റെ കൂടുതല്‍ വികസനത്തിനായാണ് വിരാംഗത്തിലെ ജനങ്ങള്‍ എന്നെ വിജയിപ്പിച്ചത്,’ ഹാര്‍ദിക് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പി സ്ഥാനാര്‍ഥിയായി വിരാംഗം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി ഹാര്‍ദിക് വിജയിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഹാര്‍ദികിന്റെ രാജി കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു.
പാട്ടിദാര്‍ സംവരണ പ്രക്ഷോഭങ്ങളുടെ നേതാവായി ദേശീയശ്രദ്ധ നേടിയ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നിന്ന് അവഗണനയുണ്ടാകുന്നെന്ന് പറഞ്ഞ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
അതേസമയം, ഗുജറാത്തില്‍ ബി.ജെ.പി 130ലേറെ സീറ്റുകളില്‍ വിജയിക്കുമെന്ന പ്രസ്താവനയുമായി ഹാര്‍ദിക് പട്ടേല്‍ നേരത്തെ എത്തിയിരുന്നു. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളോടെ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്നായിരുന്നു ഹാര്‍ദിക് പട്ടേലിന്റെ പ്രസ്താവന.
‘ഗുജറാത്തിന്റെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയ പാര്‍ട്ടിക്ക് ഇവിടെ വിജയിക്കാനാകില്ല. ഞങ്ങള്‍ക്ക് 135 മുതല്‍ 145 വരെ സീറ്റുകള്‍ ലഭിക്കും. ഞങ്ങള്‍ ഇവിടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. എന്താ നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടോ?
പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരുകള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കലാപങ്ങളോ തീവ്രവാദി ആക്രമണങ്ങളോ ഗുജറാത്തില്‍ ഉണ്ടായിട്ടില്ല. തങ്ങളുടെ പ്രതീക്ഷക്കൊത്ത് ബി.ജെ.പി ഉയര്‍ന്നെന്ന് ജനങ്ങള്‍ക്കറിയാം.
ഭാവി താമരയാണെന്നും ബി.ജെ.പിക്ക് കീഴില്‍ എല്ലാം സുരക്ഷിതമായിരിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. ബി.ജെ.പി സദ്ഭരണം കാഴ്ചവെച്ചുകൊണ്ട് ആ വിശ്വാസം ഊട്ടിയുറപ്പിച്ചു,’ , എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിനെതിരെയും മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഹാര്‍ദിക് പട്ടേല്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ഗുജറാത്തിന്റെ അഭിമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചെന്നും അതാണ് ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകറ്റിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരെയും പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശനമുന്നയിച്ചു.
‘ഗുജറാത്തികള്‍ക്കെതിരെ ചില പ്രസ്താവനകള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. അത് ഗുജറാത്തിന്റെ അഭിമാനത്തിനെതിരെയായിരുന്നു. അതുകൊണ്ടാണ് ജനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ തുടങ്ങിയത്.കാഴ്ചപ്പാടുകളില്ലാത്ത നേതാക്കന്മാര്‍ക്ക് വിജയിക്കാനാകില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഈ രാജ്യത്തെ മുന്നോട്ട് നയിക്കാനുമാകില്ല,’ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണിലാണ് ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലെത്തുന്നത്. 2017ല്‍ പട്ടേല്‍ വിഭാഗത്തിനിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഹര്‍ദിക് പട്ടേലിന്റെ സാന്നിധ്യം മൂലം കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് നേതൃത്വവുമായി അസ്വാരസ്യങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് ഹാര്‍ദിക് കോണ്‍ഗ്രസിനെതിരെ തിരിയുകയായിരുന്നു.
അതേസമയം, ഗുജറാത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സീറ്റ് നിലയിലാണ് ബി.ജെ.പി നിലവില്‍ ലീഡ് ചെയ്യുന്നത്. ആകെ പോള്‍ ചെയ്തതില്‍ 52 ശതമാനം വോട്ടും നേടിയാണ് ബി.ജെ.പി ഇക്കുറി അധികാരത്തിലേക്ക് കടക്കുന്നത്.
2002ല്‍ 127 സീറ്റുകളില്‍ വിജയിച്ച് സ്വന്തം റെക്കോഡ് തന്നെയാകും ബി.ജെ.പി ഇതിലൂടെ തിരുത്തിയത്. 2017ല്‍ 99 സീറ്റായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് വമ്പന്‍ പ്രചാരണ പരിപാടികളായിരുന്നു സംസ്ഥാനത്ത് ബി.ജെ.പി നടത്തിയത്.
എന്നാല്‍, 1985ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 149 മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 18 മണ്ഡലങ്ങളിലേക്ക് ലീഡ് ചുരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. അന്ന് ബി.ജെ.പിക്ക് 14 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.
കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന വടക്കന്‍ ഗുജറാത്തില്‍ പോലും ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. അഞ്ച് സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. ഇതുവരെ 11.9 ശതമാനം വോട്ട് ഷെയറാണ് ആം ആദ്മി നേടിയത്.
Content Highlight: Hardik Patel Credits Gujarat Win To Removal Of Article 370 by Central Government
=