രണ്ടു ലക്ഷത്തിന്റെ സ്യൂട്ടിട്ട് മോദി സ്വയം ഗാന്ധിയെന്നു വിളിക്കുന്നു, ഗുജറാത്തില്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഹാര്‍ദിക് പട്ടേല്‍
Daily News
രണ്ടു ലക്ഷത്തിന്റെ സ്യൂട്ടിട്ട് മോദി സ്വയം ഗാന്ധിയെന്നു വിളിക്കുന്നു, ഗുജറാത്തില്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഹാര്‍ദിക് പട്ടേല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th January 2017, 9:02 am

hardik-pattel


രണ്ടു ലക്ഷം രൂപയുടെ സ്യൂട്ടിട്ടുകൊണ്ട് മോദി സ്വയം ഗാന്ധിയെന്നു വിശേഷിപ്പിക്കുകയാണെന്നും പട്ടേല്‍ കുറ്റപ്പെടുത്തി. തന്റെ പേരിലുള്ള കേസുകളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഗുജറാത്തില്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും പട്ടേല്‍ വ്യക്തമാക്കുകയും ചെയ്തു.


അഹമ്മദാബാദ്: ഒരാള്‍ക്കും ചര്‍ക്കയ്ക്ക മുന്നിലിരുന്ന് സ്വയം ഗാന്ധിയെന്നു വിളിക്കാനാകില്ലെന്ന് പട്ടേല്‍ സമര നായകന്‍ ഹാര്‍ദിക് പട്ടേല്‍. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയില്‍ മോചിതനായശേഷം ഗുജറാത്തിലേക്കുള്ള ആദ്യ മടങ്ങിവരവിലാണ് പട്ടേല്‍ പ്രധാന മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ജയില്‍ മോചിതനായ ശേഷം ജാമ്യ വ്യവസ്ഥകളെ തുടര്‍ന്ന് ഗുജറാത്തില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്ന പട്ടേല്‍ ആറുമാസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ ഗുജറാത്തില്‍ മടങ്ങിയെത്തിയത്.


Also read തെരുവ് നായകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട് അവയെ മൊത്തമായി കൊലപ്പെടുത്താനാകില്ല: സുപ്രീം കോടതി


ഗുജറാത്ത് അതിര്‍ത്തിയില്‍ ലഭിച്ച ആദ്യ സ്വീകരണത്തില്‍ തന്നെ പ്രധാന മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു പട്ടേല്‍ നടത്തിയത്. രണ്ടു ലക്ഷം രൂപയുടെ സ്യൂട്ടിട്ടുകൊണ്ട് മോദി സ്വയം ഗാന്ധിയെന്നു വിശേഷിപ്പിക്കുകയാണെന്നും പട്ടേല്‍ കുറ്റപ്പെടുത്തി. തന്റെ പേരിലുള്ള കേസുകളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഗുജറാത്തില്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും പട്ടേല്‍ വ്യക്തമാക്കുകയും ചെയ്തു.

സംവരണാവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും യു.പി തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ പ്രചാരണം നടത്തുമെന്നും പട്ടേല്‍ പറഞ്ഞു. ജയില്‍ മോചിതനായ ശേഷമുള്ള ആറുമാസകാലയളവില്‍  ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പടെയുള്ള മോദി വിരുദ്ധ കക്ഷികളുമായി രാഷ്ട്രീയ ചര്‍ച്ചകളില്‍ ഹാര്‍ദിക് ഏര്‍പ്പെട്ടിരുന്നു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കാനിരിക്കെ ബി.ജെ.പി സര്‍ക്കാരിനു വെല്ലുവിളി ഉയര്‍ത്തുന്നതാണ് പട്ടേലിന്റെ മടങ്ങി വരവും പുതിയ പ്രസ്താവനകളും. മുന്‍ മുഖ്യ മന്ത്രി കേശൂഭായ് പട്ടേലുമായി ഹാര്‍ദിക് രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമോ എന്ന കാര്യമാണ് ദേശീയ രാഷ്ട്രീയം ശ്രദ്ധിക്കുന്നത്. ഹാര്‍ദിക്കിന്റെ സംവരണ സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ടായിരുന്നെങ്കിലും ഇന്ന് ബി.ജെ.പിയില്‍ കേശൂഭായിയുടെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി ലയിച്ചിട്ടുണ്ട്.