സൂറത്ത്: ഗുജറാത്തില്‍ സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗക്കാര്‍ നടത്തിവരുന്ന സമരം ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുന്നു. തങ്ങളുടെ ആവശ്യങ്ങളുയര്‍ത്തി വ്യത്യസ്തമായൊരു സമര പ്രഖ്യാപനമാണ് പട്ടേദാര്‍ അനാമത് ആന്തോളന്‍ സമിതി (പി.എ.എ.എസ്)നേതാവ് ഹാര്‍ദിക് പട്ടേല്‍ ചൊവ്വാഴ്ച്ച നടത്തിയത്. സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള തങ്ങളുടെ സമരത്തിന്റെ രണ്ടാഘട്ടത്തില്‍ ദണ്ഡി മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് സമിതി.
എന്നാല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ദണ്ഡിമാര്‍ച്ചില്‍ നിന്നും വ്യത്യസ്തമായി ദണ്ഡി ഗ്രാമത്തില്‍ നിന്നും സബര്‍മതി ആശ്രമത്തിലേക്കാണ് ഇവര്‍ മാര്‍ച്ച് നടത്തുകയെന്നും ഒപ്പം ബുധനാഴ്ച്ച ഗുജറാത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ വിഭാഗത്തില്‍പെട്ട എല്ലാ എം.പി മാരുടേയും എം.എല്‍.എ മാരുടേയും വീടുകള്‍ സന്ദര്‍ക്കുകയും അവര്‍ക്കെല്ലാം ഒരു പൂവ് സമ്മാനിച്ച് അവര്‍ ഈ സമരത്തിനെ പിന്തുണ നല്‍കുന്നുണ്ടോ ഇല്ലയോ എന്ന് ചോദിക്കുകയും ചെയ്യുമെന്നും സമിതി നേതാക്കള്‍ പറഞ്ഞു.
“ഞങ്ങള്‍ ഗാന്ധിജിയുടെ പാത പിന്തുടരുകയും സമാധാനപരമായ സമരങ്ങള്‍ ആരംഭിക്കുകയും ചെയ്യും. പതിനാലോളം ദിവസമെടുത്ത് 50 ഓളം പേര്‍ നവസാരി ജില്ലയിലെ ദണ്ഡി ഗ്രാമത്തില്‍ നിന്നും സബര്‍മതി ഗ്രാമത്തിലേക്ക് മാര്‍ച്ച് ചെയ്യും. സെപ്റ്റംബര്‍ അഞ്ചിനോ ആറിനോ മാര്‍ച്ച് ആരംഭിക്കാനാണ് തങ്ങള്‍ ആലോചിക്കുന്നത്.” ഹാര്‍ദിക് പട്ടേല്‍ സൂറത്തില്‍ പറഞ്ഞു.
അതേസമയം സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ചെന്ന് പട്ടേല്‍ വിഭാഗക്കാരെ സമരത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനൊരുങ്ങുകയാണ് പി.എ.എ.എസ്. ദണ്ഡി മാര്‍ച്ചില്‍ പൂര്‍ണമായും ഹാര്‍ദിക് പട്ടേല്‍ പങ്കെടുക്കില്ലെന്നും മാര്‍ച്ച് എത്തിച്ചേരുന്ന വിവിധയിടങ്ങളില്‍ ഹാര്‍ദിക് മാര്‍ച്ചിനൊപ്പം അണിചേരുമെന്നും പി.എ.എ.എസ് അംഗം ദിനേഷ് പട്ടേല്‍ പറഞ്ഞു.
പി.എ.എ.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനായാണ് ഹാര്‍ദിക് പട്ടേല്‍ സൂറത്തില്‍ എത്തിയത്. രാവിലെ പട്ടേല്‍ വിഭാഗത്തില്‍പെട്ട വ്യവസായികളുമായും യുവനേതാക്കളുമായും ഇദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. സമരം വിവിധ മാര്‍ഗ്ഗങ്ങളില്‍ മുന്നോട്ട് കൊണ്ടുപോവാനുള്ള വഴികളാണ് ചര്‍ച്ചചെയ്തതെന്നും അനുകൂലമായ പ്രതികരണമാണ് എല്ലാവരില്‍ നിന്നും ഉണ്ടായതെന്നും ദിനേഷ് പറഞ്ഞു.