അഹമ്മദാബാദ്: ബി.ജെ.പിയ്‌ക്കെതിരെ കടുത്ത ആരോപണവുമായി പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ രംഗത്ത്. ബി.ജെ.പി തനിക്കെതിരെ ചാരപ്രവര്‍ത്തി ചെയ്യുന്നുവെന്നായിരുന്നു ഹാര്‍ദ്ദിക് പട്ടേലിന്റെ ആരോപണം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഹാര്‍ദ്ദിക് രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്ന് വാര്‍ത്തകളും സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെയാണ് ഹാര്‍ദ്ദികിന്റെ ആരോപണം.
ഞായറാഴ്ച്ച പുലര്‍ച്ചെ ഉമ്മെദ് ഹോട്ടലിലെത്തി പിന്നിലെ വഴിയിലൂടെ മടങ്ങുന്ന ഹാര്‍ദ്ദികിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതേ ഹോട്ടലില്‍ രാഹുല്‍ ഗാന്ധിയും എത്തിയിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസ് ക്ഷണിച്ചതു പ്രകാരമാണ് അവിടെ എത്തിയതെന്നും മാധ്യമങ്ങളുടെ ബഹളം മൂലമാണ് പിന്നിലെ വഴിയിലൂടെ പോയതെന്നും പിന്നീട് ഹാര്‍ദ്ദിക് വ്യക്തമാക്കിയിരുന്നു.
ചാരപ്പണിയെടുക്കാന്‍ ബി.ജെ.പിക്കാര്‍ മിടുക്കരാണെന്നും സെക്‌സ് സിഡി വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടി സ്ഥാനത്തു നിന്നും രാജിവെച്ച സഞ്ജയ് ജോഷി ഉദാഹരണമാണെന്നും ഹാര്‍ദ്ദിക് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെങ്കിലും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി.
“ഞാന്‍ രാഹുല്‍ ഗാന്ധിയെ കണ്ടിട്ടില്ല. കാണുമ്പോള്‍ രാജ്യത്തെ മൊത്തം അറിയിച്ചിരിക്കും. അദ്ദേഹത്തിന്റെ അടുത്ത ഗുജറാത്ത് സന്ദര്‍ശനത്തില്‍ ഞങ്ങള്‍ കാണും.” എന്ന് ഹാര്‍ദ്ദിക് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം താന്‍ കോണ്‍ഗ്രസിന്റെ ഏജന്റാണെന്ന് പറയുന്നവര്‍ ബി.ജെ.പിയുടെ ഏജന്റുകളാണെന്നും ബി.ജെ.പിക്കാര്‍ പറയുന്നതിലൊന്നും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.