അഹമ്മദാബാദ്: പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സംയമനവും ഗൗരവവും കൊണ്ടുവരാന്‍ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ഗുജറാത്തിലെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ഹര്‍ദിക് പട്ടേല്‍. മധ്യപ്രദേശിലെയും രാജസ്ഥാനിലേയും മുതിര്‍ന്നവരും യുവാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിലാണ് ഹര്‍ദിക് യുവാക്കളോട് കൂടുതല്‍ പ്രവര്‍ത്തന സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടത്.
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും പാര്‍ട്ടിക്കെതിരെ കലാപം നടത്തി വലിയ തെറ്റിലേക്ക് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ദിക് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
രാജസ്ഥാനിലും മധ്യപ്രദേശിലും കുറഞ്ഞ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രൂപീകരിച്ചത്. അതുകൊണ്ടുതന്നെയാണ് മുതിര്‍ന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. സിന്ധ്യയ്ക്കും പൈലറ്റിനും അവരുടെ പിതാക്കന്മാരുടെ മരണത്തിന് ശേഷം പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കിയിരുന്നെന്നും ഹര്‍ദിക് പറഞ്ഞു. അന്തരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാജേഷ് പൈലറ്റിന്റെയും മാധവ റാവു സിന്ധ്യയുടെയും മക്കളാണ് സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും.
‘സച്ചിന്‍ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും സംബന്ധിച്ചിടത്തോളം, അവരുടെ പിതാക്കളുടെ മരണശേഷം കോണ്‍ഗ്രസ് ഇരുവര്‍ക്കും കോണ്‍ഗ്രസ് എം.പി ടിക്കറ്റുകള്‍ നല്‍കി. തുടര്‍ന്ന് അവര്‍ കേന്ദ്രമന്ത്രിമാരായി ചുമതലപ്പെട്ടു. സച്ചിന്‍ പൈലറ്റ് 25-ാം വയസില്‍ എം.പിയായി. 30-ാം വയസില്‍ കേന്ദ്രമന്ത്രിയായി. 35-ാം വയസില്‍ കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനും 40-ാം വയസില്‍ ഉപമുഖ്യമന്ത്രിയുമായി. ഇതിലെല്ലാം എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നോ? ഒരു പ്രശ്‌നവും ഉണ്ടാകരുത്’, ഹര്‍ദിക് പറഞ്ഞു.
‘ഞാന്‍ ചെറുപ്പമാണ്. പക്ഷേ, സംയമനവും ഗൗരവവും കാണിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ക്ഷമയും ഗൗരവവും ഇല്ലാത്തവര്‍ തിടുക്കത്തില്‍ തെറ്റുകള്‍ ചെയ്യും. അതല്ലെങ്കില്‍ അവരെ ആരെങ്കിലും വഴി തെറ്റിക്കും. ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എനിക്ക് ഒരു പോസ്റ്റും ഉണ്ടായിരുന്നില്ല. അക്കാര്യം ചൂണ്ടിക്കാട്ടി പലരും എന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ഞാന്‍ ക്ഷമയോടെ, ഗൗരവത്തോടെ കാത്തിരുന്നു. എനിക്ക് നേതാക്കളില്‍ വിശ്വാസമുണ്ടായിരുന്നു. പൈലറ്റ് സാഹിബും സിന്ധ്യ സാഹിബും എനിക്ക് മുതിര്‍ന്നവരാണ്. അവരെ ഉപദേശിക്കാന്‍ എനിക്ക് കഴിയില്ല. പക്ഷേ, യുവ പ്രവര്‍ത്തകരോട് ഞാന്‍ പറയും, പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സ്ഥാനമാനങ്ങള്‍ നല്‍കുന്ന ഒരേയൊരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന്’, ഹര്‍ദിക് വ്യക്തമാക്കി.
സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഹര്‍ദികിന്റെ ശ്രമം. മേവാനിയുമായി മാസത്തിലൊരിക്കല്‍ കൂടിക്കാഴ്ച നടത്തുമെന്നും സംസ്ഥാനത്തെ സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും ഹര്‍ദിക് പറഞ്ഞു. തങ്ങള്‍ രണ്ടുപേരും ഒരുമിച്ച് നില്‍ക്കുന്നത് ഗുജറാത്തില്‍ സാമൂഹിക ഐക്യവും സമത്വവും വളര്‍ത്താന്‍ സഹായിക്കുമെന്നാണ് ഹര്‍ദിക് കണക്കുകൂട്ടുന്നത്.
ജൂലൈയിലാണ് ഹര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി സോണിയ ഗാന്ധി നിയമിച്ചത്. ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാക്കിയ പട്ടേല്‍ സംവരണ പ്രക്ഷോഭത്തെ നയിച്ചത് ഹര്‍ദിക് പട്ടേലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഹര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക