അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി 130ലേറെ സീറ്റുകളില്‍ വിജയിക്കുമെന്ന പ്രസ്താവനയുമായി ഹാര്‍ദിക് പട്ടേല്‍. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളോടെ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്നാണ് ഹാര്‍ദിക് പട്ടേലിന്റെ പ്രസ്താവന.
‘ഗുജറാത്തിന്റെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയ പാര്‍ട്ടിക്ക് ഇവിടെ വിജയിക്കാനാകില്ല. ഞങ്ങള്‍ക്ക് 135 മുതല്‍ 145 വരെ സീറ്റുകള്‍ ലഭിക്കും. ഞങ്ങള്‍ ഇവിടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. എന്താ നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടോ?, എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.
ബി.ജെ.പി ജനങ്ങള്‍ക്ക് സുരക്ഷ നല്‍കിയെന്നും പ്രതീക്ഷ നിലനിര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരുകള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കലാപങ്ങളോ തീവ്രവാദി ആക്രമണങ്ങളോ ഗുജറാത്തില്‍ ഉണ്ടായിട്ടില്ല. തങ്ങളുടെ പ്രതീക്ഷക്കൊത്ത് ബി.ജെ.പി ഉയര്‍ന്നെന്ന് ജനങ്ങള്‍ക്കറിയാം.
ഭാവി താമരയാണെന്നും ബി.ജെ.പിക്ക് കീഴില്‍ എല്ലാം സുരക്ഷിതമായിരിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. ബി.ജെ.പി സദ്ഭരണം കാഴ്ചവെച്ചുകൊണ്ട് ആ വിശ്വാസം ഊട്ടിയുറപ്പിച്ചു,’ ഹാര്‍ദിക് പ്രതികരിച്ചു.
അതേസമയം, കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവും മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഹാര്‍ദിക് പട്ടേല്‍ നടത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ അഭിമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചെന്നും അതാണ് ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരെയും പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശനമുന്നയിച്ചു.
‘ഗുജറാത്തികള്‍ക്കെതിരെ ചില പ്രസ്താവനകള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. അത് ഗുജറാത്തിന്റെ അഭിമാനത്തിനെതിരെയായിരുന്നു. അതുകൊണ്ടാണ് ജനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ തുടങ്ങിയത്. കാഴ്ചപ്പാടുകളില്ലാത്ത നേതാക്കന്മാര്‍ക്ക് വിജയിക്കാനാകില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഈ രാജ്യത്തെ മുന്നോട്ട് നയിക്കാനുമാകില്ല,’ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണിലാണ് ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലെത്തുന്നത്. 2017ല്‍ പട്ടേല്‍ വിഭാഗത്തിനിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഹര്‍ദിക് പട്ടേലിന്റെ സാന്നിധ്യം മൂലം കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് നേതൃത്വവുമായി അസ്വാരസ്യങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് ഹാര്‍ദിക് കോണ്‍ഗ്രസിനെതിരെ തിരിയുകയായിരുന്നു.
നിലവില്‍ വിരാംഗമിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ഹര്‍ദിക് പട്ടേല്‍. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രകാരം ഹര്‍ദിക് പട്ടേലാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ അമര്‍സിന്‍ഹ് തക്കോറാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ ലക്കാഭായ് ബര്‍വാദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
ഗുജറാത്തില്‍ രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കേ 152 സീറ്റുകളില്‍ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. 19 സീറ്റുകളിലേക്കായി കോണ്‍ഗ്രസ് ചുരുങ്ങിയിരിക്കുകയാണ്. ആം ആദ്മി ഏഴ് സീറ്റിലും മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഏഴ് സീറ്റിലുമാണ് മുന്നേറുന്നത്.
Content Highlight: Hardik Patel about BJP’s win in Gujarat elections 2022