ട്രെന്റ്ബ്രിഡ്ജില്‍ വിമര്‍ശകരുടെ വായഅടപ്പിച്ച് ഹാര്‍ദിക് പാണ്ഡ്യയുടെ അഞ്ചുവിക്കറ്റ് പ്രകടനം. ഇന്ത്യയുടെ 329 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 161 റണ്‍സിനാണ് പാണ്ഡ്യ ചുരുട്ടിക്കെട്ടിയത്. ഇതോടെ ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ ലീഡാണ് ലഭിച്ചത്.
ആറ് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ 5 വിക്കറ്റ് വീഴ്ത്തിയത്. ഏറ്റവും വേഗത്തില്‍ (29 പന്തില്‍) അഞ്ചു വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് പാണ്ഡ്യ. ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംമ്രയും രണ്ടു വീതം വിക്കറ്റെടുക്കുകയും ഷമി ഒരു വിക്കറ്റ് വീഴ്ത്തി.
അലസ്റ്റയര്‍ കുക്ക് (29), കീറ്റണ്‍ ജെന്നിങ്സ് (20), ജോ റൂട്ട് (16), ഒലീ പോപ്പ് (10), ജോണി ബെയര്‍സ്റ്റോ (15), ബെന്‍ സ്റ്റോക്ക്സ് (10), ക്രിസ് വോക്സ് (8), ആദില്‍ റഷീദ് (5), സ്റ്റിയുവര്‍ട്ട് ബ്രോഡ് (0) എന്നിവരാണ് എളുപ്പം പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍.
ഓപണിങ് വിക്കറ്റില്‍ 56 റണ്‍സ് കെട്ടിപ്പടുത്തതിന് ശേഷമാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്. അവസാന വിക്കറ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സനൊപ്പം ജോസ് ബട്‌ലര്‍ അടിച്ചെടുത്ത 39 റണ്‍സാണ് ഇംഗ്ലണ്ടിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷപ്പെടുത്തിയത്.