| Thursday, 28th October 2021, 9:51 pm

ഹര്‍ദിക് പുറത്തേക്ക്? ടീമില്‍ നിലനിര്‍ത്താന്‍ 10 ശതമാനം പോലും സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണിലെ മെഗാ താരലേലത്തില്‍ ഹര്‍ദിക്കിനേയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.

മൂന്ന് താരങ്ങളെ മാത്രമാണ് ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താനാവുക. നിലവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വെടിക്കട്ട് താരം കെയ്‌റോണ്‍ പൊള്ളാര്‍ഡ്, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെയാണ് മുംബൈ നിലനിര്‍ത്താന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത്.

‘ഇത്തവണ ബി.സി.സി.ഐ മൂന്ന് പേരെ മാത്രമേ നിലനിര്‍ത്താന്‍ സാധിക്കൂ എന്നാണ് അറിയിച്ചിരിക്കുന്നത്. ആര്‍.ടി.എം ഇല്ലെങ്കില്‍ നാല് പേരെ നിലനിര്‍ത്താന്‍ സാധിക്കും. രോഹിത് ശര്‍മയും ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയും എന്തായാലും ടീമില്‍ നിലനിര്‍ത്തപ്പെടും.

മൂന്നാമത്തെ താരമായി കെയ്‌റോണ്‍ പൊള്ളാര്‍ഡിനെയായിരിക്കും ടീം നിലനിര്‍ത്തുക. ഇവരുടെ തുടര്‍ച്ചയാണ് ടീമിന്റെ ശക്തി. ഇവരാണ് മുംബൈ ഇന്ത്യന്‍സിന്റെ നെടുംതൂണുകള്‍,’ മുതിര്‍ന്ന ഐ.പി.എല്‍ ഉദ്യോഗസ്ഥനും പി.ടി.ഐയോട് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ടീം ഹര്‍ദിക്കിനെ നിലനിര്‍ത്താന്‍ 10 ശതമാനം പോലും സാധ്യത കാണുന്നില്ലെന്നും, ഇനിയൊരുപക്ഷേ നാല് കളിക്കാരെ നിലനിര്‍ത്താന്‍ സാധിക്കുമെങ്കില്‍ ഇഷാന്‍ കിഷനെയോ സൂര്യകുമാര്‍ യാദവിനെയോ നീിലനിര്‍ത്താനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടീമില്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കിലും ലേലത്തില്‍ താരത്തെ മുംബൈ തിരിച്ചു പിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത സീസണില്‍ പുതിയ 2 ടീമുകള്‍ കൂടി കളത്തിലിറങ്ങുന്നതോടെ താരലേലത്തിലും വാശിയേറും. ഈ വര്‍ഷം ഡിസംബറിലായിരിക്കും ലേലം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Hardik Pandya unlikely to be retained; Rohit Sharma, Jasprit Bumrah, Kieron Pollard set to be in MI’s retention list

Latest Stories

We use cookies to give you the best possible experience. Learn more