ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ മുന്‍ ടീം മുംബൈ ഇന്ത്യന്‍സുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ.
മുംബൈ ഇന്ത്യന്‍സിനെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഹര്‍ദിക് അണ്‍ഫോളോ ചെയ്തിരിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സിന്റെ എക്കാലത്തേയും മികച്ച താരവും ഫാന്‍ ഫേവറിറ്റുമായിരുന്ന പാണ്ഡ്യയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഹര്‍ദിക്കിന്റെ പ്രവര്‍ത്തിയില്‍ മുംബൈ ആരാധകര്‍ എല്ലാം തന്നെ കട്ട കലിപ്പിലുമാണ്.
കഴിഞ്ഞ സീസണുകളിലടക്കം ബൗള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിരുന്നില്ല, എന്നിട്ടും ടീം താരത്തെ പിന്താങ്ങിയിരുന്നു.
ഐ.പി.എല്ലിന്റെ ലേലം തുടങ്ങുന്നതിന് മുമ്പ് തന്നെ ഹര്‍ദിക്കിനെ മുംബൈയില്‍ തന്നെ നിലനിര്‍ത്തും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ താരത്തെ നിലനിര്‍ത്താന്‍ മുംബൈ വിമുഖത കാണിക്കുകയായിരുന്നു.
ഇതോടെ ഐ.പി.എല്ലിലെ പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് താരം കളം മാറ്റി ചവിട്ടുകയും ഗുജറാത്തിന്റെ ക്യാപ്റ്റനാവുകയുമായിരുന്നു.
കഴിഞ്ഞ സീസണില്‍ വരെ മുംബൈ ഇന്ത്യന്‍സ് ടീമിലെ അംഗമായ ഓള്‍റൗണ്ടര്‍ ഇത്തവണ താര ലേലത്തിന് മുന്‍പായി ഗുജറാത്ത് 15 കോടി രൂപ മുടക്കിയാണ് സ്വന്തമാക്കിയത്.
ടി-20 ക്രിക്കറ്റ് ലോകകപ്പ് പിന്നാലെ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും പുറത്തായ താരം നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്നസ് നേടാനുള്ള ശ്രമത്തിലാണ്. താരം ബൗളിംഗ് പരിശീലനം നടത്തുന്ന വീഡിയോകളും വൈറലായിരുന്നു.
പുതിയ സീസണില്‍ പുതിയ ടീമിനൊപ്പം കളിക്കുമ്പോള്‍ താന്‍ വളരെ അധികം പ്രതീക്ഷയിലാണെന്നും ആറു മാസത്തിന് ശേഷം കളത്തില്‍ തിരിച്ചെത്തുന്നത് ചിലത് തെളിയ്ക്കാനാണെന്ന മുന്നറിയിപ്പും ഹര്‍ദിക് പങ്കുവെക്കുന്നു.