2024 ഐ.പി.എല്ലില്‍ രോഹിത് ശര്‍മക്ക് പകരം മുംബൈ ഇന്ത്യന്‍സിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കും. ടീം മാനേജ്‌മെന്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുംബൈ ഇന്ത്യന്‍സുമായി പിണങ്ങിപ്പിരിഞ്ഞ ഹര്‍ദിക്കിനെ ടീമിലെത്തിച്ച മുംബൈ ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനവും താരത്തിന് വെച്ചുനീട്ടുകയാണ്.
Hardik Pandya announced as captain for the IPL 2024 season.
ഐ.പി.എല്‍ മെഗാലേലത്തില്‍ നിലനിര്‍ത്താതിരുന്നതിന് പിന്നാലെ താരം ഗുജറാത്തുമായി കരാറിലെത്തുകയായിരുന്നു. രണ്ട് സീസണ്‍ ഗുജറാത്തിനെ നയിച്ച താരത്ത ട്രേഡിങ്ങിലൂടെയാണ് തിരിച്ചെത്തിച്ചിരിക്കുന്നത്. ഹര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ തട്ടകത്തില്‍ മടക്കിയെത്തിച്ചതില്‍ ആരാധകരും ആവേശത്തിലായിരുന്നു.
15 കോടി രൂപക്കായിരുന്നു ഹര്‍ദിക് മുംബൈയിലെത്തിയത്. തങ്ങളുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ കാമറൂണ്‍ ഗ്രീനിനെ 17.5 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കൈമാറിയാണ് മുംബൈ ഹര്‍ദിക്കിനെ സ്വന്തമാക്കിയത്.
ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലെത്തിയാല്‍ ക്യാപ്റ്റനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിവെച്ചുകൊണ്ടാണ് മുംബൈ രോഹിത്തിന് പകരം ഹര്‍ദിക്കിനെ ക്യാപ്റ്റന്‍സിയേല്‍പിക്കുന്നത്.
ക്യാപ്റ്റനായ കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കിയ ഹര്‍ദിക് ക്യാപ്റ്റന്‍സിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചതാണ്. ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ തോല്‍പിച്ചുകൊണ്ടാണ് പാണ്ഡ്യ കിരീടമുയര്‍ത്തിയത്.
രണ്ടാം തവണ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുമ്പില്‍ വീണുപോകാനായിരുന്നു പാണ്ഡ്യയുടെയും കൂട്ടരുടെയും വിധി.
ഇപ്പോള്‍ ക്യാപ്റ്റനായി താന്‍ കളി പഠിച്ച ടീമിനെ നയിക്കാനുള്ള അവസരമാണ് ഹര്‍ദിക് പാണ്ഡ്യക്ക് ലഭിച്ചിരിക്കുന്നത്. ടീമിന്റെ ഭാവിയെ കരുതിയാണ് ഈ തീരുമാമെന്നാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്.