| Monday, 14th August 2023, 7:39 pm

തോറ്റതും പോരാ എന്നിട്ട് ഇമ്മാതിരി വര്‍ത്തമാനമോ; നല്ല ക്യാപ്റ്റന്‍ തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യ തോറ്റിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-2നായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ രണ്ട് മത്സരത്തിലേ തോല്‍വിക്ക് ശേഷം മൂന്നും നാലും മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചിരുന്നു. എന്നാല്‍ അഞ്ചാം മത്സരത്തില്‍ വിന്‍ഡീസ് ഇന്ത്യയെ ഔട്ട്‌പ്ലേ ചെയ്യുകയായിരുന്നു.

അഞ്ചാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ 61 റണ്‍സിന്റെ ബലത്തില്‍ 165 റണ്‍സ് നേടിയിരുന്നു. 166 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ വിന്‍ഡീസ് മത്സരം നിസാരമായി കൈക്കലാക്കുകയായിരുന്നു. വിന്‍ഡീസിനായി ബ്രാണ്‍ഡണ്‍ കിങ് 85 റണ്‍സും നിക്കോളസ് പൂരന്‍ 47 റണ്‍സും നേടി. എട്ട് വിക്കറ്റിനായിരുന്നു വിന്‍ഡീസ് വിജയം.

അഞ്ചാം മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ പരമ്പരയില്‍ ഇന്ത്യയുടെ പ്രകടനത്തെ കുറിച്ച് സംസാരിച്ചിരുന്നു. തോല്‍വി നമ്മുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഹര്‍ദിക് പറഞ്ഞത്.

‘ ഞങ്ങളൊരു യുവ ഗ്രൂപ്പാണ്, ഞങ്ങള്‍ക്ക് സ്വന്തമായി ചലഞ്ച് ചെയ്യേണ്ടതുണ്ട്. ഈ കളികള്‍ ഞങ്ങള്‍ പഠിക്കാനായി ഉപയോഗിക്കും, കഠിനമായ വഴികള്‍ തെരഞ്ഞെടുക്കാന്‍ പറ്റുമ്പോഴെല്ലാം ഞങ്ങള്‍ തെരഞ്ഞെടുക്കും. രണ്ടോ മൂന്നോ പരമ്പര തോറ്റാലും അതിന് ഒരു മാറ്റവുമുണ്ടാവില്ല.

ഒരു ഏകദിന ലോകകപ്പ് ഞങ്ങളുടെ മുമ്പിലുണ്ട്. ചിലപ്പോഴൊക്കെ തോല്‍ക്കുന്നതും നല്ലതാണ്, തോല്‍വിയും ജയവും പ്രക്രിയയുടെ ഭാഗമാണ്. താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു,’ ഹര്‍ദിക് പറഞ്ഞു.

2016ന് ശേഷം ആദ്യമായാണ് ഇന്ത്യ വിന്‍ഡീസിനെതിരെ ഒരു ട്വന്റി-20 പരമ്പര തോല്‍ക്കുന്നത്. അടുത്തതായി അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയില്‍ ഇന്ത്യക്കായി കളിക്കുന്നത് രണ്ടാം നിര ടീമായിരിക്കും.

Content Highlight: Hardik Pandya talks after lose against West Indies

We use cookies to give you the best possible experience. Learn more