ന്യൂസിലാന്‍ഡിതിരായ ആദ്യ ടി-20യില്‍ ഇന്ത്യയെ 21 റണ്‍സിനാണ് സന്ദര്‍ശകര്‍ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടാനായത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ന്യൂസിലാന്‍ഡ് മുന്നിലെത്തി.
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 നടന്ന റാഞ്ചിയിലെ പിച്ച് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നാണ് തോല്‍വിക്ക് ശേഷം ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഹര്‍ദിക് കളിയിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
മത്സരത്തില്‍ വിജയിച്ച ന്യൂസിലാന്‍ഡിന്‍ഡിനെ അഭിനന്ദിച്ച ഹര്‍ദിക്, വിക്കറ്റിനെക്കുറിച്ച് സംസാരിച്ചു. വിക്കറ്റിന്റെ അപ്രവചനീയ സ്വഭാവവും, പന്തിന് ലഭിച്ച ടേണും ബൗണ്‍സ് ചെയ്ത രീതിയുമെല്ലാം ഇരു ടീമുകളേയും അത്ഭുതപ്പെടുത്തിയെന്നാണ് ഹാര്‍ദികിന്റെ തുറന്ന് പറച്ചില്‍.
‘വിക്കറ്റ് ഇത്തരത്തിലാകുമെന്ന് ആരും കരുതിയില്ല. ഇരുടീമുകളേയും അത് അമ്പരപ്പിച്ചു. പക്ഷേ ന്യൂസിലാന്‍ഡ് മികച്ച പെര്‍ഫോമന്‍സ് കാഴ്ച വെച്ചു. പുതിയ പന്ത് പഴയ പന്തിനേക്കാള്‍ ടേണ്‍ ചെയ്യുന്നുണ്ടായിരുന്നു. പന്ത് തിരിയുന്ന രീതിയും, ബൗണ്‍സ് ചെയ്യുന്ന രീതിയുമെല്ലാം ഞങ്ങളെ അത്ഭുതപ്പെടുത്തി.
സൂര്യയും ഞാനും ബാറ്റ് ചെയ്യുന്ന സമയം വരെ ഞങ്ങള്‍ കളിയിലുണ്ടായിരുന്നു. ബൗളിങ്ങില്‍ ഞങ്ങള്‍ മോശമായിരുന്നു. 20-25 റണ്‍സ് അധികം നല്‍കി. ഇത് യുവാക്കളുടെ ഒരു സംഘമാണ്. ഞങ്ങള്‍ ഇതില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കും.
വാഷിങ്ടണ്‍ സുന്ദര്‍ ബോളും ബാറ്റും ചെയ്ത രീതി വെച്ച് നോക്കുമ്പോള്‍ ഇത് അദ്ദേഹത്തിന്റെ ദിനമായിരുന്നു. വാഷിങ്ടണും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരമായിരുന്നു ഇത്, അക്‌സറിനും അതുപോലെ തുടരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു,’ ഹര്‍ദിക് പറഞ്ഞു.
മത്സരത്തില്‍ സൂര്യ 34 പന്തില്‍ 47 റണ്‍സ് എടുത്തപ്പോള്‍ പാണ്ഡ്യ 20 പന്തില്‍ വെറും 21 റണ്‍സുമായി മടങ്ങി. 28 പന്തില്‍ 50 റണ്‍സെടുത്ത വാഷിങ്ടണിന്റെ പോരാട്ടമാണ് തോല്‍വി ഭാരം കുറച്ചത്. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍ ഏഴും ഇഷാന്‍ കിഷന്‍ നാലും മൂന്നാമന്‍ രാഹുല്‍ ത്രിപാഠി പൂജ്യത്തിലും മടങ്ങി.
നേരത്തെ മൂന്ന് ഓവര്‍ എറിഞ്ഞ പാണ്ഡ്യ 33ഉം നാല് ഓവറില്‍ അര്‍ഷ്ദീപ് 51ഉം ഉമ്രാന്‍ മാലിക് ഒരോവറില്‍ 16ഉം ശിവം മാവി രണ്ട് ഓവറില്‍ 19ഉം റണ്‍സ് വഴങ്ങി. വാഷിങ്ടണ്‍ 22ന് രണ്ടും കുല്‍ദീപ് 20ന് ഒന്നും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് ഹൂഡ രണ്ട് ഓവറില്‍ 14 റണ്‍സേ വിട്ടുകൊടുത്തുള്ളൂ.