കൊടുങ്കാറ്റ് പോലും പിടിച്ച് നിര്‍ത്തുന്നവന്‍; ഐതിഹാസികമായ ക്യാച്ചില്‍ പാണ്ഡ്യ സ്വന്തമാക്കിയത് കിടിലന്‍ നേട്ടം
Sports News
കൊടുങ്കാറ്റ് പോലും പിടിച്ച് നിര്‍ത്തുന്നവന്‍; ഐതിഹാസികമായ ക്യാച്ചില്‍ പാണ്ഡ്യ സ്വന്തമാക്കിയത് കിടിലന്‍ നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th October 2024, 8:49 am

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു ഇന്ത്യ. ശേഷം ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ബംഗ്ലാദേശ് ബാറ്റിങ്ങില്‍ ഹര്‍ദിക്ക് പാണ്ഡ്യ നേടിയ ഐതിഹാസികമായ ക്യാച്ച്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ പന്തെറിയുന്നത് വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. 13ാം ഓവറിലെ രണ്ടാം പന്ത് എറിഞ്ഞപ്പോള്‍ സ്‌ട്രൈക്കര്‍ റിഷാദ് ഹൊസൈന്‍ ലോങ് ഓണിലേക്ക് ഒരു ബിഗ് ഹിറ്റിന് ശ്രമിച്ചിരുന്നു.

പന്ത് ബൗണ്ടറിയോ സിക്‌സറോ പോകുമെന്ന് ഉറപ്പിച്ചപ്പോള്‍ ഇന്ത്യയുടെ രക്ഷകനായി എത്തിയത് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യയായിരുന്നു. നിമിഷങ്ങള്‍ക്കൊണ്ട് താരം ബൗണ്ടറി ലൈനില്‍ നിന്ന് ഐതിഹാസികമായി പന്ത് കയ്യിലാക്കുകയായിരുന്നു. ഈ തകര്‍പ്പന്‍ ക്യാച്ചിന് പുറകെ ടി-20 മത്സരത്തില്‍ 50 ക്യാച്ച് പൂര്‍ത്തിയാക്കാനും പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു.

ഇന്ത്യയുടെ ബാറ്റിങ് പ്രകടനം

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴയ്ക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ (ഏഴ് പന്തില്‍ പത്ത്), അഭിഷേക് ശര്‍മ ( 11 പന്തില്‍ 15), സൂര്യകുമാര്‍ യാദവ് (പത്ത് പന്തില്‍ എട്ട്) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

നാലാമനായി എത്തിയ നിതീഷ് കുമാര്‍ റെഡ്ഡി ബംഗ്ലാദേശിന്റെ പദ്ധതികളെ പൊളിച്ചടുക്കുകയായിരുന്നു. 34 പന്തില്‍ 74 റണ്‍സാണ് റെഡ്ഡി നേടിയത്. ഏഴ് സിക്സറും നാല് ഫോറും അടിച്ചാണ് റെഡ്ഡി ബംഗ്ലാദേശ് ബൗളര്‍മാരെ പഞ്ഞിക്കിട്ടത്. ബാറ്റില്‍ നിന്നും മാത്രമല്ല ബൗളില്‍ നിന്നും നിതീഷ് മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.

നിതീഷ് മടങ്ങിയതോടെ പിന്നാലെയെത്തിയ ഹര്‍ദിക് പാണ്ഡ്യ റിങ്കുവിനെ ഒപ്പം കൂട്ടി ബംഗ്ലാദേശിനെ അടിച്ചുപരത്തി. റിങ്കു 29 പന്തില്‍ 53 റണ്‍സടിച്ചപ്പോള്‍ 19 പന്തില്‍ 32 റണ്‍സാണ് പാണ്ഡ്യ നേടിയത്.ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍ എത്തുകയായിരുന്നു.

ബംഗ്ലാദേശിന്റെ ബാറ്റിങ്

റിയാന്‍ പരാഗും അഭിഷേക് ശര്‍മയും അടക്കമുള്ള പാര്‍ട് ടൈം ബൗളര്‍മാരെയും കളത്തിലിറങ്ങിയ സൂര്യ മത്സരം ബംഗ്ലാദേശിന്റെ കയ്യില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു.

സൂപ്പര്‍ താരം മഹ്‌മദുള്ള മാത്രമാണ് ബംഗ്ലാ നിരയില്‍ ചെറുത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ മറുവശത്ത് 39 പന്തില്‍ 41 റണ്‍സാണ് മഹ്‌മദുള്ള നേടിയത്. എന്നാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ ഒരാള്‍ക്ക് പോലും സാധിക്കാതെ വന്നതോടെ ബംഗ്ലാദേശ് തോല്‍വി സമ്മതിച്ചു.

ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് നേടി. വരുണ്‍ ചക്രവര്‍ത്തിയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ, മായങ്ക് യാദവ്, റിയാന്‍ പരാഗ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഒക്ടോബര്‍ 12നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് മൂന്നാം ടി-20ക്ക് വേദിയാകുന്നത്.

 

Content Highlight: Hardik Pandya takes a legendary catch in Bangladesh batting