| Friday, 11th November 2022, 3:11 pm

ടി-20യിലെ കിങ് ആണല്ലേ... തത്കാലം അങ്ങ് മാറി നില്‍ക്ക്; വിരാടിനെ മറികടന്ന് ഹര്‍ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം അഡ്‌ലെയ്ഡില്‍ വെച്ച് നടന്ന ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ നിലംപരിശാക്കിക്കൊണ്ടായിരുന്നു ഇംഗ്ലണ്ട് ഫൈനലിലേക്ക് കുതിച്ചത്. നാല് ഓവറും പത്ത് വിക്കറ്റും കയ്യിലിരിക്കെ ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

കഴിഞ്ഞ മത്സരങ്ങളിലേതെന്ന പോലെ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് സെമിയില്‍ ഒരിക്കല്‍ക്കൂടി പരാജയമാവുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് കൂട്ടിച്ചേര്‍ക്കവെ അഞ്ച് പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി കെ.എല്‍. രാഹുല്‍ മടങ്ങി. ശേഷം 28 പന്തില്‍ നിന്നും 27 റണ്‍സുമായി രോഹിത് ശര്‍മയും പുറത്തായി.

മൂന്നാം നമ്പറിലിറങ്ങിയ വിരാട് കോഹ്‌ലിയും അഞ്ചാം നമ്പറില്‍ ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യക്കായി മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്തത്. വിരാട് 40 പന്തില്‍ നിന്നും 50 റണ്‍സ് നേടി പുറത്തായപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ 33 പന്തില്‍ നിന്നും 63 റണ്‍സുമായി നില്‍ക്കവെ ഹിറ്റ് വിക്കറ്റായി മടങ്ങുകയായിരുന്നു.

അഞ്ച് സിക്‌സറും നാല് ബൗണ്ടറിയുമായിരുന്നു ഹര്‍ദിക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 190.91 എന്ന പ്രഹരശേഷിയിലായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ ഒരു എലീറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിക്കാനും ഹര്‍ദിക്കിനായി.

ടി-20 ലോകകപ്പിലെ നോക്ക് ഔട്ട് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ (മിനിമം 50 റണ്‍സ്) സ്‌കോര്‍ ചെയ്ത താരം എന്ന റെക്കോഡ് ലിസ്റ്റിലാണ് ഹര്‍ദിക്ക് ഇടം നേടിയത്. സൂപ്പര്‍ താരം വിരാടിനെ മറികടന്നുകൊണ്ടായിരുന്നു ഹര്‍ദിക്ക് ഈ ലിസ്റ്റിലേക്ക് കാലെടുത്തുവെച്ചത്.

പട്ടികയില്‍ നാലാം സ്ഥാനത്താണ് ഹര്‍ദിക് പാണ്ഡ്യ, ഇന്ത്യന്‍ താരങ്ങളുടെ എണ്ണത്തില്‍ രണ്ടാമനും.

നോക്ക് ഔട്ട് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് (മിനിമം 50 റണ്‍സ്)

മൈക്ക് ഹസി – 250 – vs പാകിസ്ഥാന്‍

യുവരാജ് സിങ് – 233 – vs ഓസ്‌ട്രേലിയ

ജോര്‍ജ് ബെയ്‌ലി – 217 – vs വെസ്റ്റ് ഇന്‍ഡീസ്

ഹര്‍ദിക് പാണ്ഡ്യ – 190 – vs ഇംഗ്ലണ്ട്

വിരാട് കോഹ്‌ലി – 189 – vs വെസ്റ്റ് ഇന്‍ഡീസ്

എന്നാല്‍ ഹര്‍ദിക്കിന്റെയും വിരാട് കോഹ്‌ലിയുടെയും വെടിക്കെട്ട് ഇന്നിങ്‌സുകള്‍ ഇന്ത്യയുടെ വിജയം സുനിശ്ചിതമാക്കാന്‍ പോന്നതായിരുന്നില്ല. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം കാണുകയായിരുന്നു.

80 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറും 86 റണ്‍സ് നേടിയ അലക്‌സ് ഹേല്‍സുമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്.

നവംബര്‍ 13നാണ് ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ഫൈനല്‍ മത്സരം നടക്കുന്നത്. ചരിത്രപ്രസിദ്ധമായ മെല്‍ബണാണ് വേദി.

Content highlight: Hardik Pandya surpasses Virat Kohli

We use cookies to give you the best possible experience. Learn more