| Tuesday, 7th March 2023, 2:20 pm

ഹാലണ്ടും ഹര്‍ദിക്കിനോട് തോറ്റു; സ്‌പോര്‍ട്‌സ് ലോകത്തെ ലെജന്‍ഡുകളെ ഒറ്റയടിക്ക് മറികടന്ന് കുങ്ഫു പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ഏറെ ആരാധക പിന്തുണയുള്ള താരമാണ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി താരം ഗ്രൗണ്ടില്‍ തന്റെ മാസ്റ്റര്‍ ക്ലാസ് തുടരുകയാണ്.

ക്യാപ്റ്റന്റെ റോളിലെത്തിയ ആദ്യ സീസണില്‍ തന്നെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ഐ.പി.എല്ലിന്റെ കിരീടമണിയിച്ച പാണ്ഡ്യയെ തേടി രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടി-20 ടീമിന്റെ ക്യാപ്റ്റന്‍സിയുമെത്തിയിരുന്നു.

ഗ്രൗണ്ടിനുള്ളില്‍ നേട്ടങ്ങളുടെയും റെക്കോഡുകളുടെയും സ്വന്തക്കാരനായ ഹര്‍ദിക്കിനെ തേടി ഗ്രൗണ്ടിന് പുറത്തുനിന്നുള്ള ഒരു തകര്‍പ്പന്‍ നേട്ടവും എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ 25 മില്യണ്‍ ഫോളോവേഴ്സുള്ള ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റര്‍ എന്ന റെക്കോഡാണ് പാണ്ഡ്യയെ തേടിയെത്തിയിരിക്കുന്നത്.

ഇതിന് പുറമെ കായിക ലോകത്തെ പല ഇതിഹാസ താരങ്ങളെയും ഈ നേട്ടത്തില്‍ മരികടക്കാനും ഹര്‍ദിക് പാണ്ഡ്യക്കായി. ഫോര്‍മുല വണ്‍ കാറോട്ടതാരം മാക്‌സ് വേഴ്‌സ്റ്റപ്പന്‍, ടെന്നീസ് ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവരെ ഇക്കാര്യത്തില്‍ ഹര്‍ദിക്കിന് പിന്നാലാണ്.

9.5 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ വേഴ്സ്റ്റപ്പനെ പിന്തുടരുന്നത്. 11.3 മില്യണ്‍ ആളുകള്‍ ഫെഡററിനെ ഫോളോ ചെയ്യുമ്പോള്‍ 17.9 മില്യണ്‍ ആളുകളാണ് നദാലിനെ പിന്തുടരുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സെന്‍സേഷനും ഫുട്‌ബോള്‍ പണ്ഠിറ്റുകള്‍ ദി നെക്സ്റ്റ് ബിഗ് തിങ് എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന എര്‍ലിങ് ഹാലണ്ട് ഇക്കാര്യത്തില്‍ ഹര്‍ദിക്കിന് തൊട്ടുപുറകിലാണ്. 24.7 മില്യണാണ് ഹാലണ്ടിന്റെ ഫോളോവേഴ്‌സ്.

25 മില്യണ്‍ ക്ലബ്ബിലെത്തുന്ന അഞ്ചാമത് ഇന്ത്യന്‍ ക്രിക്കറ്ററാണ് ഹര്‍ദിക് പാണ്ഡ്യ. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (26.9 M), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (39 M), എം.എസ്. ധോണി (40.7 M) വിരാട് കോഹ്‌ലി (239 M0 എന്നിവരാണ് ഹര്‍ദിക്കിന് മുമ്പിലുള്ളത്.

തന്റെ 25 മില്യണ്‍ നേട്ടം സെലിബ്രേറ്റ് ചെയ്യുന്ന താരത്തിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

‘നിങ്ങളുടെ സ്നേഹത്തിന് എല്ലാ ആരാധകരോടും ഞാന്‍ നന്ദി അറിയിക്കുന്നു. നിങ്ങള്‍ ഓരോരുത്തരും എനിക്ക് വളരെയേറെ സ്പെഷ്യലാണ്. ഈ കാലയളവില്‍ അവര്‍ എനിക്ക് തന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ഹര്‍ദിക് പറഞ്ഞു.

അതേസമയം, ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനമാണ് ഹര്‍ദിക്കിന് മുമ്പില്‍ ഇനിയുള്ളത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.

ഈ പരമ്പരക്ക് ശേഷം ഐ.പി.എല്ലിന്റെ 16ാം എഡിഷനിലാണ് ഹര്‍ദിക് ഇനി കളിക്കുക. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടം ചൂടിച്ച് ചരിത്രം സൃഷ്ടിച്ച താരമാണ് ഹര്‍ദിക്.

മാര്‍ച്ച് 31നാണ് ഹര്‍ദിക്കും ഗുജറാത്ത് ടൈറ്റന്‍സും ഐ.പി.എല്ലിലെ ആദ്യ മത്സരം കളിക്കാനിറങ്ങുന്നത്. മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.

Content Highlight: Hardik Pandya surpasses Erling Haaland and other sports legends on Instagram followers

We use cookies to give you the best possible experience. Learn more