| Monday, 17th April 2023, 12:10 pm

'കിട്ടിയോ? ഇല്ല, ചോദിച്ചുവാങ്ങി'; സഞ്ജുവിനെ പ്രകോപിപ്പിക്കാന്‍ ചെന്ന പാണ്ഡ്യക്ക് തിരിച്ചടി: വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശകരമായ പോരാട്ടത്തില്‍ വിജയം പിടിച്ചടക്കി രാജസ്ഥാന്‍ റോയല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തോല്‍വിയുറപ്പിച്ചിടത്ത് നിന്നും ഉയിര്‍ത്തെഴുന്നേല്‍റ്റാണ് രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

മത്സരത്തിനിടെ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ പ്രകോപിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. റോയല്‍സിന്റെ രണ്ട് ഓപ്പണര്‍മാരെ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം ഇന്നിങ്‌സില്‍ എതിരാളികളെ തളച്ചിട്ടതിന് ശേഷമാണ് സംഭവം.

പാണ്ഡ്യയുടെ പന്തില്‍ സഞ്ജു ഫോറടിച്ചതിന് പിന്നാലെ ഹര്‍ദിക് എന്തോ പറയുന്നതായി വീഡിയോയില്‍ കാണാം. സഞ്ജു മറുത്തൊന്നും പറയാതെ മാറിപ്പോകുന്നതും വീഡിയോയില്‍ കാണാം. ഹര്‍ദിക്കിന്റെ പ്രകോപനത്തിനുള്ള മറുപടിയാണ് പിന്നീട് സഞ്ജുവിന്റെ പ്രകടനത്തില്‍ കാണാനായതെന്നാണ് വീഡിയോക്ക് കമന്റായി ആരാധകര്‍ ഒന്നടങ്കം കുറിച്ചത്.

അതേസമയം, മത്സരത്തില്‍ ജോസ് ബട്‌ലര്‍ അഞ്ച് പന്ത് നേരിട്ട് റണ്‍സൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ ഏഴ് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായി ജെയ്‌സ്വാള്‍ പുറത്താവുകയായിരുന്നു. മൂന്നാമനായി കളത്തിലിറങ്ങി 25 പന്തില്‍ നിന്നും 26 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും വീണതോടെ രാജസ്ഥാന്‍ പരുങ്ങി.

നാലാം നമ്പറിലിറങ്ങി സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച സഞ്ജു ഒരുവേള 18 പന്ത് നേരിട്ട് വെറും 20 റണ്‍സായിരുന്നു സ്വന്തമാക്കിയത്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് അറ്റാക്കിങ് മോഡിലേക്ക് ചുവടുമാറ്റിയ സഞ്ജുവിനെയായിരുന്നു ഗുജറാത്ത് കണ്ടത്. 13ാം ഓവറില്‍ റാഷിദ് ഖാനെ തുടര്‍ച്ചയായി മൂന്ന് സിക്സറിന് പറത്തി സഞ്ജു രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഒരുവശത്ത് സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ ഫിനിഷറുടെ റോളിലെത്തിയ ഹെറ്റ്മെയറായിരുന്നു ആരാധകരുടെ മനം കവര്‍ന്നത്. സഞ്ജു പുറത്തായതോടെ മത്സരം വിജയിച്ചെന്നുറപ്പിച്ച ഗുജറാത്ത് ആരാധകരുടെ മനസില്‍ ഇടിത്തീ വീഴ്ത്തിക്കൊണ്ടാണ് ഹെറ്റ്മെയര്‍ തകര്‍ത്തടിച്ചത്. സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ധ്രുവ് ജുറെലും തകര്‍ത്തടിച്ചു. 10 പന്തില്‍ നിന്നും 18 റണ്‍സ് നേടിയാണ് ജുറെല്‍ മടങ്ങിയത്.

ശേഷം ക്രീസിലെത്തി ആദ്യ പന്തില്‍ തന്നെ ഷമിയെ ബൗണ്ടറിയടിച്ച് മത്സരത്തിന് ആവേശം കൂട്ടിയ അശ്വിന്‍ തൊട്ടടുത്ത പന്തില്‍ സിക്സറിച്ച് ആവേശം ഇരട്ടിയാക്കിയിരുന്നു. എന്നാല്‍ മൂന്നാം പന്തില്‍ തേവാട്ടിയക്ക് ക്യാച്ച് നല്‍കി അശ്വിന്‍ മടങ്ങിയിരുന്നു.
അവസാന ഓവറില്‍ വിജയിക്കാന്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ നൂര്‍ അഹമ്മദിന്റെ ആദ്യ പന്തില്‍ ഡബിളോടി ഹെറ്റ്മെയര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. തൊട്ടടുത്ത പന്തില്‍ സിക്സറടിച്ച് ഹെറ്റ്മെയര്‍ ഗുജറാത്തില്‍ മത്സരം നിന്നും പിടിച്ചടക്കുകയായിരുന്നു.

ടൈറ്റന്‍സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും രാജസ്ഥാന് സാധിച്ചു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഗുജറാത്ത് ടൈറ്റന്‍സിനോട് വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന കളങ്കം ഇതോടെ തീര്‍ക്കാനും രാജസ്ഥാന് സാധിച്ചു.

Content Highlights: Hardik Pandya sledges Sanju Samson; The Royal Challenger’s captain

We use cookies to give you the best possible experience. Learn more