സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. മത്സരത്തിലെയും പരിശീലനത്തിലെയും തന്റെ വ്യക്തിജീവിതത്തിലെയുമെല്ലാം നല്ല നിമിഷങ്ങള്‍ താരം വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ദിവസവും ഹാര്‍ദിക് ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ടി-20 ലോകകപ്പിന് വേണ്ടി ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്ന താരം അവിടെ നടത്തുന്ന ട്രെയ്‌നിങ്ങിന്റെ വീഡിയോയാണ് പങ്കുവെച്ചത്.
ഫീല്‍ഡിങ് പരിശീലിക്കുന്നതിന്റെ വീഡിയോ ആയിരുന്നു ഇത്. ട്രെയ്‌നിങ്ങില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട ഭാഗമാണിതെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു.
‘ട്രെയ്‌നിങ്ങിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാഗമാണ് ഫീല്‍ഡിങ്. ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഇത്. പക്ഷെ ആരും അതിന് അര്‍ഹിക്കുന്ന വില നല്‍കാറില്ല. ഫീല്‍ഡിങ് വളരെ അണ്ടര്‍റേറ്റഡാണ്,’ ഹാര്‍ദിക് കുറിച്ചു.
നിരവധി പേരാണ് ഹാര്‍ദികിന്റെ വീഡിയോക്ക് താഴെ ഫീല്‍ഡിങ്ങിനെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ചിരിക്കുന്നത്. ഫീല്‍ഡിങ് വളരെ പ്രധാനപ്പെട്ടതാണെന്നും എന്നാല്‍ പലപ്പോഴും ബോര്‍ഡ് അംഗങ്ങളും സെലക്ടര്‍മാരും ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ലെന്നും ഒരു കമന്റില്‍ പറയുന്നു.
എന്നാല്‍ അങ്ങനെയൊരു അവഗണനയുണ്ടായിട്ടില്ലെന്നും പക്ഷെ നിലവില്‍ ഫീല്‍ഡിങ്ങിലെ ഇന്ത്യയുടെ പെര്‍ഫോമന്‍സ് വല്ലാതെ തകര്‍ന്നിട്ടുണ്ടെന്നുമാണ് മറ്റൊരാള്‍ പറയുന്നത്.
ബൗളിങ് നിര റണ്ണൊഴുക്കുന്നത് മാത്രമല്ല ഫീല്‍ഡിങ്ങിലെ അബദ്ധങ്ങളും കൈപ്പിഴകളുമൊക്കെ വിമര്‍ശിക്കപ്പെടേണ്ടതാണെന്നും ഇവര്‍ പറയുന്നു. ജസ്പ്രീത് ബുംറക്ക് പകരക്കാരനെ കണ്ടെത്തുന്നതോടൊപ്പം ഫീല്‍ഡിങ് മെച്ചപ്പെടുത്താനുള്ള ശ്രദ്ധ കൂടിയുണ്ടാകണമെന്നും കമന്റുകളില്‍ പറയുന്നു.
ക്രിക്കറ്റില്‍ ബാറ്റര്‍ക്കേ ബൗളര്‍ക്കോ ലഭിക്കുന്ന അംഗീകാരം ഒരിക്കലും ഒരു നല്ല ഫീല്‍ഡര്‍ക്ക് ലഭിക്കാറില്ലെന്നും രണ്ടാം തരമായി തന്നെയാണ് ഫീല്‍ഡിങ്ങിനെ എക്കാലവും കണക്കാക്കാറുള്ളതെന്നും ചില കമന്റുകളില്‍ പറയുന്നുണ്ട്.
ഫീല്‍ഡിങ്ങിനെ കുറിച്ചുള്ള ഈ ചര്‍ച്ചകള്‍ കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും കൂടുതല്‍ പേര്‍ ഹാര്‍ദികിനോട് ആവര്‍ത്തിച്ചു പറയുന്നത് പരിക്ക് പറ്റാതേ സൂക്ഷിക്കണേ എന്നാണ്.
നേരത്തെ ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പരക്ക് മുന്നോടിയായി പരിശീലിക്കുന്നതിനിടെയായിരുന്നു ജസ്പ്രീത് ബുംറക്ക് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് താരത്തിന് ലോകകപ്പിന് പങ്കെടുക്കാന്‍ കഴിയാതായത് ഇന്ത്യന്‍ ടീമിനെ വലിയ പ്രതിസന്ധിയിലാക്കി.
ബുംറക്ക് പകരക്കാനായി കണ്ടെത്തിയ ദീപക് ചഹറിനും പരിക്കിനെ തുടര്‍ന്ന് ഒഴിവാകേണ്ടി വന്നു. ഇങ്ങനെ പ്രധാന താരങ്ങള്‍ പരിക്കിന്റെ പിടിയിലാകുന്നതിന്റെ ആശങ്കയാണ് കമന്റുകളില്‍ നിറയുന്നത്.
Content Highlight: Hardik Pandya shares his love for fielding while sharing of a video from training session